കേരളം

സംശയം തോന്നാതിരിക്കാന്‍ ശ്വാസമുട്ടലിന് പരിശോധിച്ചു, ഇടതുകാലിലെ 3 വിരലുകള്‍ നഷ്ടപ്പെട്ടു, വലതുകാലും ഉരഞ്ഞു മുറിഞ്ഞു; ചുരുളഴിഞ്ഞത് കൊലപാതകം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  ആക്രിക്കച്ചവടക്കാരന്‍ മൈക്കിള്‍ രാജിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണം സഹോദരിയുടെ മൊഴിയിലെ പൊരുത്തക്കേടുകളെന്ന് പൊലീസ്.ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിക്കു സമീപമുളള കടത്തിണ്ണയില്‍ ഉറങ്ങവെ, ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെന്നാണ് സഹോദരി കസ്തൂരി ആദ്യം പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാളുടെ ഇടതു കാലിലെ 3 വിരലുകള്‍ നഷ്ടപ്പെട്ടിരുന്നു. വലതുകാലും ഉരഞ്ഞു മുറിഞ്ഞിട്ടുണ്ടായിരുന്നു. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോള്‍ സംഭവത്തിന്റെ ചുരുളഴിഞ്ഞതായി പൊലീസ് പറയുന്നു.

ഓച്ചിറ ക്ലാപ്പന പെരിനാട് വാസവപുരത്ത് പ്രതീഷിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു മൈക്കിള്‍ രാജും കസ്തൂരിയും അടങ്ങുന്ന കുടുംബം.മൈക്കിള്‍ രാജിന്റെ പെരുമാറ്റത്തെച്ചൊല്ലി വെള്ളദുരൈ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.വിവാഹിതനായ മൈക്കിളിനെ ഭാര്യ ഉപേക്ഷിച്ചിരുന്നു. മാനസിക പ്രശ്‌നങ്ങളുളള മൈക്കിള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്നാണ് കസ്തൂരി പറയുന്നത്. ഇതേച്ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് 23 ന് രാത്രി വെള്ളദുരൈ സാരി കൊണ്ടു കഴുത്തില്‍ കുരുക്കിട്ടു മുറുക്കി മൈക്കിളിനെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കസ്തൂരി കാലുകള്‍ അനങ്ങാതെ പിടിച്ച് കൊലപാതകത്തില്‍ പങ്കാളിയായി.

അസുഖം ഉണ്ടായെന്ന പേരില്‍ മൃതദേഹം ചെങ്ങന്നൂരിലെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത് സംശയം ഒഴിവാക്കാനാണ്. തുടര്‍ന്നു മോപ്പെഡില്‍ മൃതദേഹം ഇരുത്തി വെള്ളദുരൈയും കസ്തൂരിയും ചേര്‍ന്നു ചെങ്ങന്നൂരിലെത്തിച്ചു. 8 വയസ്സുകാരി മകളും ഒപ്പമുണ്ടായിരുന്നു. 24 നു പുലര്‍ച്ചെ 3 മണിയോടെ പൂപ്പള്ളി കവലയ്ക്കു സമീപം മറ്റുള്ളവരെ ഇറക്കിയ ശേഷം വെള്ളദുരൈ മുന്‍പു താമസിച്ചിരുന്ന പാണ്ടനാട് കിളിയന്ത്രയിലെ വീട്ടിലെത്തി. ശരീരത്തില്‍ രക്തക്കറ കണ്ടു സമീപവാസി ചോദിച്ചെങ്കിലും കാല്‍ തട്ടിയെന്നായിരുന്നു മറുപടി. 

കസ്തൂരിയും മകളും ചേര്‍ന്നാണു മൃതദേഹം ജില്ലാ ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.സഹോദരനാണെന്നും ശ്വാസം മുട്ടല്‍ ഉണ്ടായതിനാലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പറഞ്ഞു. ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ആരെങ്കിലും ബലം പ്രയോഗിച്ചു കെട്ടിത്തൂക്കിയാല്‍ ഉണ്ടാകുന്ന തരം പാടുകളാണു കഴുത്തില്‍ ഉണ്ടായിരുന്നതെന്നും ആത്മഹത്യ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തരത്തില്‍ ആയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍