കേരളം

ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി, സുധീരന്‍, വേണുഗോപാല്‍; വന്‍ നിരയുമായി കോണ്‍ഗ്രസ് പട്ടിക; ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പി ജയരാജന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയും സിറ്റിങ് എംഎല്‍എമാരെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമായതോടെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ ഉള്‍പ്പെടുത്തി പട്ടികയ്ക്കു രൂപം നല്‍കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സംസ്ഥാനത്ത് മുഴുവന്‍ സ്വാധീനമുണ്ടാക്കുന്ന വിധം സീനിയര്‍ നേതാക്കളെ സ്ഥാനാര്‍ഥികളാക്കാനാണ് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 

എല്‍ഡിഎഫ് പട്ടികയില്‍ പയറ്റിത്തെളിഞ്ഞവര്‍ ഇടംപിടിച്ച സാഹചര്യത്തില്‍ ഒരു മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്തുടനീളം സ്വാധീനമുള്ള പടക്കുതിരകളെ രംഗത്തിറക്കണമെന്ന അഭിപ്രായമാണു പാര്‍ട്ടിയില്‍ ശക്തമാവുന്നത്. ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരരംഗത്തുണ്ടാവണമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഏകാപ്രായമുണ്ടായതായാണ് സൂചന. ഉമ്മന്‍ ചാണ്ടിയെ കോട്ടയത്തോ ഇടുക്കിയിലോ സ്ഥാനാര്‍ഥിയാക്കാനാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ സിറ്റിങ് സീറ്റായ വടകരയില്‍തന്നെ മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുന്നു. വിഎം സുധീരന്‍ തൃശൂരില്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിട്ടുള്ളത്. ദേശീയ തലത്തില്‍ പ്രമുഖ സാന്നിധ്യമായി മാറിയ കെസി വേണുഗോപാല്‍ ആലപ്പുഴയില്‍നിന്നു ജനവിധി തേടിയേക്കും.

മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെപ്പോരൊരാള്‍ മത്സര രംഗത്തുണ്ടാവുന്നത് ഒരു മണ്ഡലത്തില്‍ മാത്രമല്ല , സംസ്ഥാനത്തുടനീളം ഗുണം ചെയ്യുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ഇക്കാര്യം അവര്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ആവശ്യപ്പെടുന്ന പക്ഷം ഉമ്മന്‍ ചാണ്ടി പട്ടികയില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. 

സംഘടനാച്ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തിലും കേന്ദ്ര നേതൃത്വത്തിന്റെ നിലപാടു നിര്‍ണായകമാവും. മത്സരിക്കാനില്ലെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടെങ്കിലും വടകര സീറ്റ് നിലനിര്‍ത്താന്‍ അദ്ദേഹം മത്സരിക്കുന്നതിലൂടെ അനായാസം കഴിയുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജയരാജനെപ്പോലൊരാളെ നേരിടാന്‍ ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥി മുല്ലപ്പള്ളിയാണെന്നാണ് അവര്‍ ഉന്നയിക്കുന്ന വാദം. ഇനി മത്സരത്തിനില്ലെന്ന് വിഎം സുധീരന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും തൃശൂരില്‍ അദ്ദേഹത്തെ നിര്‍ത്താന്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു