കേരളം

'ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം'; തമാശ പങ്കിട്ട് എം സ്വരാജ്; കള്ളം പറയരുതെന്ന് വനിതാ നേതാവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയിലെത്തിയതിന് പിന്നാലെ ടിവി ചര്‍ച്ചക്കിടെ സിപിഎം എംഎല്‍എ എം സ്വരാജിന്റെ ഫലിതം എഐസിസി വക്താവ് ഡോ ഷമ മുഹമ്മദിന് രസിച്ചില്ല. കള്ളം പറയാന്‍ താന്‍ അനുവദിക്കില്ലെന്ന് ഷമ ചര്‍ച്ചക്കിടെ കയറി ഇടപെട്ടതോടെ സ്വരാജ് ഫലിതം പറഞ്ഞതാണെന്ന് പറഞ്ഞ് അവതാരകന്‍ ഇടപെട്ടെങ്കിലും കള്ളം പറയാന്‍ അനുവദിക്കില്ല എന്നാവര്‍ത്തിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

'ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണം' എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും അത് പങ്കിടേണ്ടി വരുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു. കള്ളം പറയരുതെന്നും ഒരു കോണ്‍ഗ്രസ് നേതാവും അങ്ങനെ പറഞ്ഞിട്ടില്ലെന്നുമുള്ള വാദവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് ഇടപെട്ടു. ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫലിതമാണ് താന്‍ പറഞ്ഞതെന്ന് സ്വരാജ് വിശദീകരിച്ചു. 

ടോം വടക്കന്‍ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിശദീകരണം. മുപ്പതുവര്‍ഷം ചേര്‍ന്നുനിന്ന പ്രത്യയശാസ്ത്രത്തെ വ്യക്തിപരമായ ലാഭത്തിനുവേണ്ടിയാണ് ടോം വടക്കന്‍ തള്ളിപ്പറഞ്ഞതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഏതു നിമിഷവും കോണ്‍ഗ്രസുകാര്‍ക്ക് ചേരാവുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നായിരുന്നു സ്വരാജിന്റെ മറുപടി. ഇരു പാര്‍ട്ടികളും തമ്മില്‍ പ്രത്യയശാസ്ത്രപരമായി യാതൊരു വ്യത്യാസവും ഇല്ലെന്നും സ്വരാജ് പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ നയം, കാര്‍ഷിക നയം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണ്ണയാധികാരം സ്വകാര്യമേഖലയ്ക്ക് നല്‍കല്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഇവയിലൊന്നും കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും സ്വരാജ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോയ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും പേരുകളും എം സ്വരാജ് ചര്‍ച്ചക്കിടെ പരാമര്‍ശിച്ചു. ഫെബ്രുവരി വരെ എണ്‍പത് കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്നും വടക്കനോടൊപ്പം ഇന്ന് പോണ്ടിച്ചേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമാലിനിയും കര്‍ണ്ണാടകയിലെ ബിജെപി നേതാവ് എ മഞ്ജുവും ബിജെപിയിലെത്തിയെന്ന് സ്വരാജ് പറഞ്ഞു.  

മൂന്ന് തവണ യുപി മുഖ്യമന്ത്രിയും ഒരു തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആയ എന്‍ഡി തിവാരി, മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ, യുപി മുഖ്യമന്ത്രി ആയിരുന്ന ജഗദംബിക പാല്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന നാരായണ്‍ റാണ,  അരുണാചല്‍ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എന്നിങ്ങനെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ നിരവധി പ്രമുഖരുടെ പേരുകള്‍ എം സ്വരാജ് എണ്ണിപ്പറഞ്ഞു. വീരേന്ദ്ര സിംഗ്, റീത്ത ബഹുഗുണ, നജ്മ ഹെപ്തുള്ള എന്നിങ്ങനെ തലയെടുപ്പുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്ന് എം സ്വരാജ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി