കേരളം

കേരള കോണ്‍ഗ്രസിന്റെ സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് കേരള കോണ്‍ഗ്രസ്; കോണ്‍ഗ്രസ് ഇടപെടല്‍ തള്ളി റോഷി അഗസ്റ്റിന്‍

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; യുഡിഎഫില്‍ കേരള കോണ്‍ഗ്രസിന് ലഭിച്ച സീറ്റില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് കേരള കോണ്‍ഗ്രസ് ആണെന്ന് പാര്‍ട്ടി നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിന്‍. കോട്ടയത്ത് തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണെന്നും പ്രചാരണവുമായി മുന്നോട്ടുപോവുമെന്നും റോഷി വ്യക്തമാക്കി.

കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇടപെടുമെന്നു കരുതുന്നില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. യുഡിഎഫില്‍ ഘടകകക്ഷികള്‍ക്കു ലഭിച്ച സീറ്റില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് അതതു കക്ഷികളാണ്. മുസ്ലിം ലീഗിനു കിട്ടിയ സീറ്റില്‍ ലീഗും ആര്‍എസ്പിയുടെ സീറ്റില്‍ അവരുമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. കേരള കോണ്‍ഗ്രസിനു ലഭിച്ച സീറ്റില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതു പരിഹരിക്കുന്നതിനു മുന്നണിയെ നയിക്കുന്ന കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസ് ഇടപെടുന്നതില്‍ തെറ്റില്ലെന്ന് റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്തിയാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇനി സ്ഥാനാര്‍ഥിയെ മാറ്റില്ല. തല വെട്ടിമാറ്റിക്കൊണ്ടാണോ തലവേദനയ്ക്കു പരിഹാരം കാണുന്നതെന്ന് റോഷി ചോദിച്ചു. കോട്ടയത്തെ സ്ഥാനാര്‍ഥി പരാജയപ്പെടുമെന്ന ഭീതി പാര്‍ട്ടിക്കില്ല. പിജെ ജോസഫും അങ്ങനെ പറഞ്ഞിട്ടില്ല. തോമസ് ചാഴികാടന്‍ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടും.

ജില്ല മാറി മത്സരിക്കരുതെന്ന നിര്‍ദേശം കേരള കോണ്‍ഗ്രസില്‍ ഇല്ല. അങ്ങനെയൊരു നിബന്ധനയുടെ അടിസ്ഥാനത്തിലല്ല പിജെ ജോസഫിനെ സ്ഥാനാര്‍ഥിയാക്കാതിരുന്നത്. ഇടുക്കി സീറ്റില്‍ ജോസഫിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കും. രണ്ട് സീറ്റ് എന്നത് കേരള കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നു. കോണ്‍ഗ്രസ് അങ്ങനെ തീരുമാനിച്ചാല്‍ ആരെങ്കിലും വേണ്ടെന്നു പറയുമോ? - റോഷി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു