കേരളം

അനന്തു കൊലപാതകം : ഒരാള്‍ കൂടി പിടിയില്‍ ; അനന്തുവിന്റെ ഞരമ്പും മാംസവും മുറിച്ചെടുത്തു, വീഡിയോയില്‍ പകര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം കരമന അനന്തു കൊലക്കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. കൈമനം സ്വദേശി ശരത് ആണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. 

കേസില്‍ ആറുപേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.  കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അനീഷ്, വിഷ്ണു, ഹരി, വിനീത്, അഖില്‍, കുഞ്ഞുവാവ എന്നിവരാണ് അറസ്റ്റിലായത്.  പൂവാറിലെ ഒളിസങ്കേതത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അനന്തുവിനെ ഭീഷണിപ്പെടുത്തി സംഘം ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. കൈമനത്തു ദേശീയപാതയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്ന തോട്ടത്തിലെ പൊളിഞ്ഞ കെട്ടിടത്തിൽ മദ്യവും ലഹരിമരുന്നുമായി ഒത്തുചേർന്ന എട്ടംഗ സംഘമാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 

എതിർസംഘത്തിലെ അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു നൽകിയ വിവരമനുസരിച്ച് ഇവർ ബൈക്കുകളിൽ ഇവിടെയെത്തി. അനന്തു  ബൈക്ക് റോഡിൽ വച്ച് ഒരു ബേക്കറിയിലേക്ക് പോയപ്പോൾ വിഷ്ണു ആ ബൈക്കിൽ കയറി. അഭിലാഷും റോഷനും കൂടി അനന്തുവിനെ സൗഹൃദം നടിച്ചു കൂട്ടിക്കൊണ്ടുവന്നു ബലമായി ബൈക്കിൽ നടുവിലായി ഇരുത്തി. കണ്ടുനിന്ന ചിലർ തടയാൻ നോക്കിയപ്പോൾ വിരട്ടിയ ശേഷം ഇവർ സ്ഥലംവിട്ടു. നേരെ ഒളിസങ്കേതത്തിൽ എത്തിച്ച് ഇവർ സംഘം ചേർന്ന് അനന്തുവിനെ കൊലപ്പെടുത്തുകയായിരുന്നു.

അനന്തുവിന്റെ കൈകാലുകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തെന്ന് സംഘം പൊലീസിനോട് വെളിപ്പെടുത്തി.   പ്രാവച്ചമ്പലം സ്വദേശിയായ വിഷ‌്ണുവാണ് കത്തി ഉപയോഗിച്ചു മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌ു മൊഴി നൽകി.

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നും മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് മുമ്പായി സംഘം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമായിരുന്നു ആഘോഷം. ഹാപ്പി ബെർത്ത് ഡേ ആശംസിക്കുന്നതും വീഡിയോയിൽ കേൾക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി