കേരളം

ഇളയ കുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചതിന് മൂത്ത കുട്ടിക്ക് ക്രൂരമര്‍ദനം; ആദ്യം ചവിട്ടി, പിന്നീട് രണ്ട് തവണ വലിച്ചെറിഞ്ഞു; മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇളയ കുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചതിനാണ് രണ്ടാനച്ഛന്‍ ഏഴുവയസ്സുകാരനെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ്. ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് രണ്ട് തവണ വലിച്ചെറിയുകയും ചെയ്തു. രണ്ടാമത്തെ വീഴ്ചയിലാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. അതേസമയം തൊടുപുഴ കുമാരമംഗലത്ത് നടന്ന സംഭവത്തില്‍ രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 

തലേ ദിവസം കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നില്ല. ഭക്ഷണം കൊടുക്കാനായി പുലര്‍ച്ചെ വിളിച്ചുണര്‍ത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നും ഡിവൈഎസ് പി കെ പി ജോസ് പറഞ്ഞു.അതേസമയം കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 

കുട്ടിയുടെ അമ്മയുടെയും അനുച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അരുണ്‍ ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വധശ്രമം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ കുട്ടികള്‍ക്ക് എതിരെയുളള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.  

സംഭവ ദിവസം കുട്ടികള്‍ രണ്ടും നേരത്തെ കിടന്നിരുന്നു. ഭക്ഷണം കഴിക്കാതെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. അമ്മയും രണ്ടാച്ഛനും പുറത്ത് പോയി ഭക്ഷണം വാങ്ങി കൊണ്ട് വന്ന് ഇത് നല്‍കാനായി കുട്ടിയെ വിളിച്ചെഴുന്നേല്‍പിച്ചു. എന്നാല്‍ ഇളയ കുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചത് അപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ച് കിടത്തേണ്ട ചുമതല മൂത്ത കുട്ടിയെയായിരുന്നു ഏല്‍പിച്ചത്. തുടര്‍ന്നാണ് രണ്ടാനച്ഛന്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. ആദ്യം കുട്ടിയെ ചവിട്ടുകയും പിന്നീട് രണ്ട് തവണ വലിച്ചെറിയുകയും ചെയ്തു. രണ്ടാമത്തെ വീഴ്ചയിലാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു.

കൊലപാതകകേസില്‍ വെറുതെ വിട്ട ആളാണ് രണ്ടാനച്ഛനെന്ന് ഡിവൈഎസ്പി അറിയിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഏഴുവയസ്സുകാരനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് നിലവില്‍ കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

മാതാവിനൊപ്പമുള്ള യുവാവ് ചേട്ടനെയും തന്നെയും മര്‍ദിച്ചെന്ന് ഇളയകുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് മൊഴി നല്‍കി. ജ്യേഷ്ഠനെ വടികൊണ്ട് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. 

തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമര്‍ദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭര്‍ത്താവ് എഴുമാസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷമാണ് ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് ഇവരോടൊപ്പം താമസിച്ചു തുടങ്ങിയത്. യുവതിയെയും ഇയാള്‍ മര്‍ദിക്കാറുള്ളതായി പറയുന്നു. 

ഇളയകുട്ടിയുടെ താടിക്കും പല്ലിനും പരിക്കുണ്ട്. ഈ കുട്ടിയെ വെള്ളിയാഴ്ച ഹാജരാക്കണമെന്ന നിബന്ധനയില്‍ അമ്മൂമ്മയ്ക്കു വിട്ടുനല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി