കേരളം

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം ; രാഹുല്‍ഗാന്ധി വയനാട്ടില്‍ തന്നെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭ മണ്ഡലത്തില്‍ മല്‍സരിക്കും. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്ന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സീനിയര്‍ നേതാവ് എ കെ ആന്റണി വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 

കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ഗാന്ധി തങ്ങളുടെ സംസ്ഥാനങ്ങളില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ കൂടി ആവശ്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് ആന്റണി പറഞ്ഞു. ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടില്‍ മല്‍സരിക്കാന്‍ എഐസിസി നേതൃത്വം തീരുമാനിച്ചത്. 

തീരുമാനം എല്ലാവരും കൂടിയാലോചിച്ച് എടുത്തതാണെന്ന് ആന്റണി വിശദീകരിച്ചു. ട്രൈ ജംഗ്ഷന്‍ എന്ന നിലയിലാണ് വയനാട് തെരഞ്ഞെടുത്തത്. കര്‍ണാടകയിലെ ചാമരാജ് നഗര്‍, തമിഴ്‌നാട്ടിലെ നിലഗിരി, തേനി പ്രദേശങ്ങളും അതിരിടുന്ന സീറ്റാണ് വയനാട്. അതിനാലാണ് വയനാട് തെരഞ്ഞെടുത്തത്. രാഹുല്‍ഗാന്ധി വരുന്നതോടെ കേരളത്തിലും ദക്ഷിണേന്ത്യയിലും കോണ്‍ഗ്രസ് തരംഗം ഉണ്ടാക്കുമെന്ന് എ കെ ആന്റണി പറഞ്ഞു. അമേഠിക്ക് പുറമെ, രണ്ടാം‌ മണ്ഡലമായാണ് രാഹുൽ വയനാട് തെരഞ്ഞെടുത്തത്.

രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് ആദ്യം സൂചന നല്‍കിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ വേളയിലായിരുന്നു ഉമ്മന്‍ചാണ്ടി ഈ സൂചന നല്‍കിയത്. ഇതോടെ രാഹുലിനെ സ്വാഗതം ചെയ്ത് സിദ്ദിഖ് പ്രചാരണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കാത്തത് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കിയിരുന്നു. എത്രയും വേഗം വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് നേതൃത്വവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍