കേരളം

പാലാരിവട്ടം മേല്‍പ്പാലത്തിന് അച്ഛന്റെ പേര് അപമാനകരം ; മാറ്റണമെന്ന് ഒഎന്‍വിയുടെ മകന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പാലാരിവട്ടം ഫ്‌ളൈഓവറില്‍ അച്ഛന്റെ പേര് നിലനില്‍ക്കുന്നത് അപമാനകരമാണെന്ന് പ്രശസ്ത കവി ഒഎന്‍വി കുറുപ്പിന്റെ മകന്‍. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അപാകതകളും അഴിമതിയും വാര്‍ത്തകളില്‍ നിറയുമ്പോള്‍ പ്രതികരണവുമായി അന്തരിച്ച കവി ഒഎന്‍വി കുറുപ്പിന്റെ മകന്‍ രംഗത്തെത്തിയത്. 

മൂന്നു വര്‍ഷത്തിനുള്ളില്‍ മരിച്ചു ജീര്‍ണിച്ച പാലത്തിന് അച്ഛന്റെ പേരിട്ടതു മാറ്റണം. ഈ പേരിടാന്‍ ഈ പാലത്തിനും അച്ഛനും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും രാജീവ്  പറഞ്ഞു. ഔദ്യോഗികമല്ലെങ്കിലും പാലത്തിനു ജനകീയമായി നല്‍കിയ പേരാണ് 'ഒഎന്‍വി കുറുപ്പ് ഫ്‌ളൈ ഓവര്‍'. 

ഒരു ഫ്‌ളൈ ഓവറിനു മലയാളത്തിന്റെ അഭിമാനമായ ജ്ഞാനപീഠ ജേതാവിന്റെ പേരിട്ടതു നാണക്കേടാണെന്ന് പ്രസാധകന്‍ ജയചന്ദ്രന്‍ സിഐസിസിയും പ്രതികരിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഫ്‌ളൈ ഓവറിന്റെ പേരു മാറ്റാന്‍ സര്‍ക്കാര്‍ തയാറായാല്‍ വലിയൊരു സേവനമായി ജനങ്ങള്‍ കാണുമെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി. ജയചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ 
'കഷ്ടം' എന്ന പ്രതികരണത്തോടെ ഒഎന്‍വിയുടെ മകന്‍ രാജീവ് കുറിച്ചു. 

ഇതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. ശൈശവത്തില്‍ ചരമമടഞ്ഞ പാലത്തിന്റെ ദുരവസ്ഥയില്‍ കവിയുടെ ആത്മാവ് തന്നെ കേഴുമെന്നും  ഭൂമിക്കൊരു ചരമഗീതം അല്‍പം ഭേദഗതികളോടെ ഈ പാലത്തിനും എഴുതിചേര്‍ക്കാന്‍ കവികള്‍ തയാറാകണമെന്നും കമന്റുകള്‍ നിറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ