കേരളം

പൂര ലഹരിയില്‍ തൃശൂര്‍ ; തെക്കേഗോപുര വാതില്‍ തുറന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ പൂരവിളംബരം നടത്തും

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: തൃശൂര്‍ പൂര ലഹരിയില്‍. പൂരത്തിന്റെ വരവ് അറിയിച്ചുളള വിളംബര ചടങ്ങുകള്‍ ഇന്ന് നടക്കും. ഇന്ന് രാവിലെ നൈതലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി തെക്കേഗോപുര വാതില്‍ തള്ളി തുറക്കുന്നതോടെയാണ് പൂരങ്ങളുടെ പൂരത്തിന് വിളംബരമാകുന്നത്. രാവിലെ 9.30നും 10.30നും ഇടയിലാണ് ചടങ്ങുകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും തിടമ്പേറ്റുന്നത്.

ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ രാവിലെ 9.30ന് മണികണ്ഠനാലില്‍ നിന്ന് വടക്കുന്നാഥനിലേക്ക് മേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളും. തുടര്‍ന്ന് പത്തരയോടെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി തെക്കേഗോപുരനട തള്ളിത്തുറന്ന് പൂരവിളംബരം നടത്തും. 

കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. ആനയെ ലോറിയില്‍ വടക്കുംനാഥ ക്ഷേത്രപരിസരത്ത് കൊണ്ടുവരികയും ചടങ്ങ് പൂര്‍ത്തിയായാല്‍ ഉടന്‍ തിരികെ കൊണ്ടുപോകുകയും വേണം.10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് കെട്ടിതിരിച്ചാണ് ആളുകളെ നിയന്ത്രിക്കുക.

വര്‍ഷത്തില്‍ ശിവരാത്രിക്കും പൂരത്തിനും മാത്രമേ വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുരനട തുറക്കാറുള്ളൂ. നൈതലക്കാവിലമ്മ ഇന്ന് തുറന്നിടുന്ന തെക്കേഗോപുരനടയിലൂടെയാണ് പൂരത്തിന് തുടക്കം കുറിച്ച് നാളെ പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് എഴുന്നള്ളുക. മറ്റു ഘടക ക്ഷേത്ര പൂരങ്ങളും ഊഴമനുസരിച്ച് വിവിധ സമയങ്ങളില്‍ വടക്കുന്നാഥനെ വണങ്ങാനെത്തും. രാവിലെ തിരുവമ്പാടിയുടെയും ഉച്ചയ്ക്ക് പാറമേക്കാവിന്റെയും പൂരം എഴുന്നള്ളിപ്പുകള്‍ ആരംഭിക്കും.

രാവിലെ 11.30ന് തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിച്ചാല്‍ പാറമേക്കാവ്തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറങ്ങും. തുടര്‍ന്ന് ഇരു ഭഗവതിമാരും മുഖാമുഖമെത്തിയാല്‍ വൈകിട്ട് 5.30ന് കുടമാറ്റം. ഒന്നര മണിക്കൂറോളം നീളുന്ന കുടമാറ്റത്തോടെ പകല്‍പൂരം സമാപിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം