കേരളം

മകള്‍ മരിച്ചു കിടക്കുമ്പോഴും ചന്ദ്രന് ബാങ്കില്‍ നിന്ന് ഫോണ്‍വിളികള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജപ്തി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ ചന്ദ്രനെ വിളിച്ചിരുന്നു. മകള്‍ മരിച്ച് മണിക്കൂറുകള്‍ തികയും മുമ്പ് ഭാര്യ ലേഖയെ അഡ്മിറ്റ് ചെയ്ത ആശുപത്രി വാര്‍ഡിന് മുന്നില്‍ നില്‍ക്കവെയായിരുന്നു ചന്ദ്രന് ബാങ്കിന്റെ കോള്‍ വീണ്ടും വന്നത്. 

'ബാങ്കിന്റെ അഡ്വക്കേറ്റാണ്. വീടൊഴിയണം എന്നാവശ്യപ്പെട്ട് അവര്‍ രാവിലെ മുതല്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംഭവച്ചുകഴിഞ്ഞിട്ടും അവര്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്'- ചന്ദ്രന്‍ ഇത് പറയുമ്പോള്‍ മകള്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞ് മണിക്കൂറുകള്‍ പോലും തികഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രണ്ടുമണിക്കാന്‍ ചന്ദ്രന്റെ മകള്‍ വൈഷ്ണവി മരിച്ചത്. നാലുമണിക്കാണ് ബാങ്കിന്റെ വക്കീല്‍ ചന്ദ്രനെ വീണ്ടും വിളിക്കുന്നത്. 

ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ കുടുംബം പലവഴിയും നോക്കി. അവസാനം വീട് വിറ്റു പണം നല്‍കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍  പറഞ്ഞ സമയത്ത് കച്ചവടം ഉറപ്പിക്കാനായില്ല. പണം നല്‍കാനുള്ള സാവകാശം തരണമെന്ന് അപേക്ഷിച്ചിട്ടും കാനറാ ബാങ്കുകാര്‍ ചെവികൊണ്ടില്ല. 

അവസാനം വീട് വാങ്ങാന്‍ ബാലരാമപുരം സ്വദേശിയായ ഒരാളെത്തി. ചൊവ്വാഴ്ച അഞ്ചുലക്ഷം രൂപ ഡെപ്പോസിറ്റായി നല്‍കാമെന്ന് ഇയാള്‍ ഏറ്റിരുന്നു. എന്നാല്‍ പണം നല്‍കിയില്ല, ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു. ഈ പണം ലഭിക്കുമെന്ന അവസാന പ്രതീക്ഷയിലായിരുന്നു കുടുംബം. അപ്പോഴെല്ലാം ലേഖ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. 

'പച്ചവെള്ളം പോലും കുടിക്കാതെ ചന്ദ്രനും അമ്മയും രാവിലെ തന്നെ എന്റെ വീടിന്റെ വരാന്തയിലുണ്ടായിരുന്നു. ബാങ്ക് മാനേജര്‍ രാവിലെ മുതല്‍ പല തവണ വിളിച്ചു സമ്മര്‍ദത്തിലാക്കി. കോടതി ഉത്തരവാണ്, വേറെ മാര്‍ഗമില്ലെന്നാണു പറഞ്ഞത്', സങ്കടവും നിസ്സഹായതയും നിറഞ്ഞ ഇന്നലത്തെ ദിവസം സെബാസ്റ്റ്യന്‍ ഓര്‍ത്തെടുക്കുന്നു. ജപ്തി ഭീഷണി ഭയന്ന് ഇന്നലെ നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെയും വൈഷ്ണവിയുടെയും അയല്‍വാസിയാണ് സെബാസ്റ്റ്യന്‍.  

കഴിഞ്ഞയാഴ്ച ജപ്തി നടപടികള്‍ക്കായി അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ 14ാം തിയതിക്ക് മുന്‍പ് പണമടയ്ക്കാമെന്ന് ചന്ദ്രനും കുടുംബവും എഴുതി ഒപ്പിട്ടു നല്‍കിയിരുന്നു. അന്ന് സാക്ഷിയായി ഒപ്പിട്ടതും സെബാസ്റ്റ്യനായിരുന്നു.  കുറഞ്ഞ വിലയാണെങ്കിലും വീടും സ്ഥലവും ബാലരാമപുരം സ്വദേശിക്കു വില്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ചന്ദ്രനെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. 'സമീപവാസിയായ ബ്രോക്കറുമുണ്ടായിരുന്നു വീട്ടില്‍. ഇതാ വരുന്നു എന്ന പല തവണ പറഞ്ഞതല്ലാതെ പണം കിട്ടിയില്ല. കുറച്ചു കഴിഞ്ഞു ബ്രോക്കര്‍ സ്ഥലം വിട്ടു. ഇതോടെ എല്ലാം തകിടം മറിഞ്ഞു', സെബാസ്റ്റ്യന്‍ പറയുന്നു.

ഉച്ചയ്ക്ക് 12നു മുമ്പ് പണമടയ്ക്കാമെന്നായിരുന്നു വാഗ്ദാനം. ചന്ദ്രന്റെ നിലവിളി കേട്ടാണ് സെബാസ്റ്റ്യന്‍ ഓടിച്ചെന്നത്. 'കൃഷ്ണമ്മ മുറ്റത്തിരുന്നു കരയുകയായിരുന്നു. പൂട്ടിയിട്ട കതകിനു താഴെക്കൂടി കറുത്ത പുക ഉയര്‍ന്നപ്പോള്‍, നെഞ്ചിലൂടെ ഒരു മിന്നല്‍...ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറ്റത്തുകിടന്ന കരിങ്കല്ല് ഉപയോഗിച്ചു ഇടിച്ചുതുറക്കാന്‍ ശ്രമിച്ചു. ഒടുവില്‍ കമ്പിപ്പാര ഉപയോഗിച്ചാണു കുത്തിത്തുറന്നത്', സെബാസ്റ്റ്യന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്