കേരളം

കനത്ത തോല്‍വിക്ക് ശബരിമലയും കാരണമായി ; ഹിന്ദു വോട്ടുകള്‍ കൈവിട്ടു, ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല തിരിച്ചടിക്ക് കാരണമെന്ന് സിപിഎം വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല സിപിഎമ്മിന്റെ തോല്‍വിക്ക് കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പാര്‍ട്ടിക്ക് ശക്തിയുള്ള ന്യൂനപക്ഷങ്ങള്‍ ശക്തമല്ലാത്ത മണ്ഡലങ്ങളില്‍പ്പോലും പാര്‍ട്ടിക്ക് കനത്ത തോല്‍വി നേരിട്ടു. അതുകൊണ്ടുതന്നെ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം എന്ന വാദത്തില്‍ മാത്രം ഊന്നരുതെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 

മറ്റു പല ഘടകങ്ങളും യുഡിഎഫ് അനുകൂല തരംഗം സൃഷ്ടിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ ആധിക്യം ഇല്ലാത്തിടത്തും തിരിച്ചടിയുണ്ടായെന്ന് സിപിഎം യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ശബരിമല വിഷയവും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. 

ഇടതു മുന്നണിക്ക് കിട്ടേണ്ട വോട്ട് കുറയാന്‍ ശബരിമല കാരണമായിട്ടുണ്ട്. പാര്‍ട്ടിക്കും മുന്നണിക്കും ലഭിക്കേണ്ട ഹിന്ദു വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായി. കാസര്‍കോട് മുതല്‍ എല്ലാ മണ്ഡലങ്ങളിലും ഇത്തരം പ്രവണതകള്‍ കാണാനാകും. പൊതു വോട്ടുകളും കുറവായിയെന്ന് യോഗം വിലയിരുത്തി. 

2014 ല്‍ ലഭിച്ചതിനേക്കാള്‍ വോട്ടു വിഹിതത്തില്‍ കുറവുണ്ടായി. ഇത് പാര്‍ട്ടിയുടെ ജനകീയ അടിത്തറയെ തന്നെ ബാധിക്കുന്നതാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന വിശ്വാസവും ജനങ്ങളെ സ്വാധീനിച്ചു. ന്യൂനപക്ഷങ്ങള്‍ ആദ്യം എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്നു. മോദിപ്പേടിയില്‍ അവര്‍ യുഡിഎഫിനൊപ്പം ചേര്‍ന്നുവെന്നും യോഗം വിലയിരുത്തി. 

രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ 19 മണ്ഡലങ്ങളിലെ തോല്‍വി കനത്ത തിരിച്ചടിയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്മല്ല മറ്റുപല ഘടകങ്ങളും തോല്‍വിക്ക് കാരണമായെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയത്. 

കനത്ത തോല്‍വിയില്‍ ജില്ലാ കമ്മറ്റികളോട് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തേടി. മെയ് 30, ജൂണ്‍ ഒന്ന് തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി യോഗം ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വി വിശദമായി പരിശോധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം