കേരളം

രാജേഷിന്റെ തോല്‍വിയില്‍ പി.കെ ശശിയ്ക്ക് പങ്ക്; പരാതിയുമായി ഒരു വിഭാഗം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പാലക്കാട്ടെ അപ്രതീക്ഷിത തോല്‍വിയ്ക്ക് പിന്നാലെ സിപിഎം ജില്ലാ ഘടകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എംബി രാജേഷിന്റെ തോല്‍വിയില്‍ പി.കെ ശശിയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഒരു വിഭാഗം പരാതി നല്‍കി. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള പാര്‍ട്ടി ഘടകങ്ങളില്‍ നിന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര നേതാക്കള്‍ക്കും ഇവര്‍ പരാതി നല്‍കിയെന്നാണു സൂചന.

രാജേഷ് തോറ്റതില്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചില പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമല്ലാത്തതും തിരിച്ചടിയായി. രാജേഷിനെ തോല്‍പ്പിക്കാന്‍ വേണ്ടി മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. 

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 30000 വോട്ടിനു പിന്നിലായപ്പോള്‍ കോങ്ങാട് മണ്ഡലത്തില്‍ മുന്നൂറോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണു രാജേഷിനു ലഭിച്ചത്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ നഗരസഭ ഉള്‍പ്പെടെ മുഴുവന്‍ പഞ്ചായത്തുകളും കോങ്ങാട് മണ്ഡലത്തിലെ കാരാകുറിശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, കരിമ്പ  പഞ്ചായത്തുകളും ഒറ്റപ്പാലം മണ്ഡലത്തിലെ തച്ചനാട്ടുകര പഞ്ചായത്തുമാണു മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിക്കു കീഴില്‍ വരുന്നത്. ഇതില്‍ എല്ലാ പഞ്ചായത്തുകളിലും സിപിഎം സ്ഥാനാര്‍ഥി പിന്നിലായി. ഈ മേഖലയില്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സജീവമല്ലായിരുന്നതാണു തിരിച്ചടിക്കു കാരണമെന്നാണു പരാതി നല്‍കിയവരുടെ ആരോപണം.

രാജേഷിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടന്‍ സിപിഐയില്‍ നിന്നു രാജി വച്ചു സിപിഎമ്മില്‍ ചേരുന്നവര്‍ക്കു സിഐടിയുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. ഇതു തിരഞ്ഞെടുപ്പു സമയത്തു സിപിഐയെ മനപ്പൂര്‍വം പിണക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉദ്ഘാടകനായിരുന്ന പി.കെ. ശശി പരിപാടിയില്‍ നിന്നു പിന്‍മാറി. ഈ സംഭവത്തിലും പരാതി നല്‍കിയെന്നാണു സൂചന. കൂടാതെ സഹകരണ ബാങ്കുകളില്‍ ജീവനക്കാരായിരുന്ന ചില പ്രവര്‍ത്തകരോടു തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് അവധിയെടുത്ത് മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇതു ചിലരുടെ ഇടപെടലിനെത്തുര്‍ന്നാണെന്ന് ഇവര്‍ നേതൃത്വത്തെ  ബോധ്യപ്പെടുത്തിയെന്നും സൂചനയുണ്ട്.

ഡിവൈഎഫ്‌ഐ വനിത നേതാവ് പികെ ശശിക്കെതിരേ ഉന്നയിച്ച പീഡന പരാതിയില്‍ ശക്തമായ നടപടി വേണമെന്ന് രാജേഷ് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഒരു വിഭാഗത്തിന്റെ അതൃപ്തിക്ക് കാരണമായി പറയുന്നത്. ആറുമാസത്തെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതോടെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ശശി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി