കേരളം

'സിപിഎം വിമുക്ത കേരളം' ; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സംഘപരിവാര്‍ പദ്ധതി; 14 മണ്ഡലങ്ങളില്‍ യുഡിഎഫിനു വോട്ടു ചെയ്തു, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നില്‍, സിപിഎമ്മിനെ തുടച്ചുനീക്കാനുള്ള സംഘപരിവാര്‍ പദ്ധതിയെന്നു റിപ്പോര്‍ട്ട്. സിപിഎമ്മിനെ പാര്‍ലമെന്ററി രംഗത്തുനിന്നു ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പതിനാലു മണ്ഡലങ്ങളില്‍ സംഘ പ്രവര്‍ത്തകര്‍ യുഡിഎഫിനു വോട്ടു ചെയ്തതായി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, പൊന്നാനി എന്നീ മണ്ഡലങ്ങളില്‍ ഒഴികെയുള്ള സീറ്റുകളില്‍ യുഡിഎഫിനു വോട്ടു മറിക്കാന്‍ ബിജെപി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായാണ്, സംഘവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി എ പ്ലസ് എന്നു വിലയിരുത്തിയ മണ്ഡലങ്ങളാണ് തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍ എന്നിവ. മലപ്പുറം, പൊന്നാനി എന്നിവ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളുമാണ്. 

സ്വാധീനമുള്ള നാലു മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന തന്ത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അവലംബിച്ചത്. അതനുസരിച്ച് വോട്ടു മറിക്കാനുള്ള നിര്‍ദേശം സജീവ പ്രവര്‍ത്തകര്‍ക്കു നല്‍കുകയായിരുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിക്കാമെന്നും ആറ്റിങ്ങലിലും തൃശൂരും മികച്ച മുന്നേറ്റമുണ്ടാക്കാമെന്നുമായിരുന്നു സംഘ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരത്തെ പരാജയം ബിജെപിയും സംഘ നേതൃത്വവും തമ്മില്‍ അസ്വാരസ്യത്തിനു വഴിവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാമാവധി സീറ്റു പിടിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം അതിനു പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ ഇല്ലാതാക്കുകയെന്ന, ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തന്ത്രം ആവര്‍ത്തിച്ചേക്കും. തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ മാത്രം പാര്‍ട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുകയും മറ്റിടങ്ങളില്‍ യുഡിഎഫിനു വോട്ടു ചെയ്യാന്‍ സജീവ പ്രവര്‍ത്തകരോടു നിര്‍ദേശിക്കുകയും ചെയ്യും. ഇതുവഴി സിപിഎമ്മിനെ ഇല്ലാതാക്കാനാവുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. സിപിഎം ഇല്ലാതായാല്‍ സംസ്ഥാനത്ത് ബിജെപിക്ക് അനായാസം വളരാനാവുമെന്നും സംഘപരിവാര്‍ വിലയിരുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി