കേരളം

വിപണിയിലെ 50 ശതമാനം സു​ഗന്ധ വ്യഞ്ജനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ വിഷാംശം; ​ഗുരുതര റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സംസ്ഥാനത്തെ പൊതു വിപണിയിലെത്തുന്ന 50 ശതമാനം സുഗന്ധ വ്യഞ്ജനങ്ങളിലും അനുവദനീയമായതിൽ കൂടുതൽ വിഷാംശമുള്ളതായി കണ്ടെത്തൽ. കേരള കാർഷിക സർവകലാശാലയിലെ ഗവേഷണ വിഭാഗം 2019 ജനുവരി മുതൽ ജൂൺ വരെ വിപണിയിൽ നിന്നും കർഷകരിൽ നിന്നും ശേഖരിച്ച ഭക്ഷ്യോത്പന്നങ്ങൾ പരിശോധിച്ചപ്പോഴാണ് ഇത് കണ്ടെത്തിയത്. പച്ചക്കറികളും പരിശോധിച്ചു. ഇതിന്റെയെല്ലാം റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

കീടനാശിനി അംശം കൂടുതൽ കണ്ടെത്തിയത് ജീരകത്തിലും പെരുംജീരകത്തിലുമാണ്. ഇവ കേരളത്തിനു പുറത്ത് കൃഷി ചെയ്ത് വിപണിയിലെത്തിക്കുന്നതാണ്. ഏലം, കുരുമുളക് എന്നിവയിൽ കീടനാശിനി കണ്ടെത്തിയിട്ടില്ല. അരി, ഗോതമ്പ് എന്നിവയിലും ഇല്ലെന്നത് ആശ്വാസമാണ്.

വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച കറിവേപ്പിലയിൽ പോലും പത്ത് തരം കീടനാശിനിയുടെ സാന്നിധ്യമുണ്ട്. ഇവയിലേറെയും കൃഷിക്ക് ശുപാർശ ചെയ്യപ്പെടാത്ത കീടനാശിനിയാണ്‌. കേരളത്തിലെ കർഷകരിൽ നിന്ന് ശേഖരിച്ച കറിവേപ്പിലയിൽ കീടനാശിനിയില്ല. സംസ്ഥാനത്തെ കൃഷിയിടങ്ങളിൽ നിന്ന് ശേഖരിച്ച 257 പച്ചക്കറികളിൽ 20 ശതമാനത്തിൽ കീടനാശിനി കണ്ടെത്തി.

ബീറ്റ്‌റൂട്ട്, വയലറ്റ് കാബേജ്, കാരറ്റ്, ചേമ്പ്, കപ്പ, മല്ലിയില, ഇഞ്ചി, നെല്ലിക്ക, മാങ്ങ, ഏത്തപ്പഴം, പീച്ചിങ്ങ, ഉരുളക്കിഴങ്ങ്, ഓറഞ്ച്, മാതളം, തണ്ണിമത്തൻ, പേരയ്ക്ക, കൈതച്ചക്ക, മല്ലിപ്പൊടി, ഉലുവ എന്നിവയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല. 

കൃഷി വകുപ്പിന്റെ ധന സഹായത്തോടെ കേരള കാർഷിക സർവകലാശാലയുടെ ‘സേഫ് ടു ഈറ്റ്’ പദ്ധതിയിൽ നടത്തിയ 46-ാമത് പഠനമാണിത്. വെള്ളായണി കാർഷിക കോളേജിലെ എൻഎ.ബിഎൽ അക്രെഡിറ്റേഷനുള്ള ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. കീടനാശിനിയുടെ നൂറു കോടിയിൽ ഒരംശം പോലും കണ്ടെത്താനാകുന്ന ഗ്യാസ് ക്രൊമറ്റോഗ്രാഫ് മാസ് സ്‌പെക്ട്രോമീറ്റർ, ലിക്വിഡ് ക്രൊമറ്റോഗ്രാഫ് സ്‌പെക്ട്രോമീറ്റർ തുടങ്ങിയ ഉപകരണങ്ങളുടെ സഹായത്താലായിരുന്നു ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം