കേരളം

കിട്ടിയാല്‍ ആ ബാഗ് തിരിച്ചുകൊടുക്കൂ, അതില്‍ അയാളുടെ ജീവിതമാണ്; വിഷ്ണു കാത്തിരിക്കുകയാണ്‌

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവും നെഞ്ചിലേറ്റിയാണ് ഗൂഡല്ലൂര്‍ സ്വദേശിയ വിഷ്ണു പ്രസാദ് തൃശൂരിലേക്കുള്ള ട്രെയിന്‍ കയറിയത്. എന്നാല്‍ കഴിഞ്ഞ നാലു ദിവസങ്ങളായി തൃശൂര്‍ നഗരത്തിലെ മാലിന്യ വീപ്പകളില്‍ നഷ്ടപ്പെട്ട തന്റെ ജീവിതം തിരഞ്ഞുകൊണ്ടിരിക്കുകയാണ് വിഷ്ണു. യാത്രയ്ക്കിടെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാഗ് നഷ്ടപ്പെട്ടതോടെയാണ് വിഷ്ണുവിന്റെ ഭാവിജീവിതം തന്നെ പ്രതിസന്ധിയിലായത്. ബാഗിനൊപ്പം അതിലുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയില്‍ രേഖകളും നഷ്ടപ്പെട്ടതോടെ ജര്‍മനിയില്‍ ലഭിച്ച ജോലി പ്രതിസന്ധിയിലായിരിക്കുകയാണ്. 

ജര്‍മനിയില്‍ കപ്പല്‍ കമ്പനിയിലാണ് വിഷ്ണുവിന് ജോലി ശരിയായിരിക്കുന്നത്. എന്നാല്‍ ഇവിടെ ജോലിക്ക് കയറാന്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും തിരിച്ചറിയില്‍ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ഇവയാണ് വിഷ്ണുവിന് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ 10നാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാഗ് മോഷണം പോയത്. അന്നു മുതല്‍ മാലിന്യവീപ്പകളിലും റോഡിനും റെയില്‍വേ പാളങ്ങള്‍ക്കും വശങ്ങളിലുള്ള പൊന്തക്കാടുകളിലുമെല്ലാം തിരഞ്ഞുകൊണ്ടിരിക്കുകയാണ് ഈ യുവാവ്. 

ജര്‍മനിയില്‍ നിയമനം നേടുന്നതുവരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താന്‍ തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലിയ്‌ക്കെത്തിയതായിരുന്നു വിഷ്ണു. 10 ന് രാവിലെ 10.15 ന് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വിഷ്ണു വിശ്രമമുറിയില്‍ കയറി. അവിടെയെത്തി മിനിറ്റുകള്‍ക്കകമാണ് ബാഗ് നഷ്ടപ്പെട്ടത്. സ്റ്റേഷന്‍ മുഴുവന്‍ തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചെങ്കിലും മോഷ്ടാവിനെ കണ്ടുപിടിക്കാനായില്ല. സിസിടിവി ക്യാമറകള്‍ പരിശോധിക്കാന്‍ നോക്കിയപ്പോള്‍ സ്‌റ്റേഷനിലെ പല ക്യാമറകളും പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി. സ്റ്റേഷനിലെ ഫുഡ് കോര്‍ണറിനു സമീപമുള്ള പ്രവര്‍ത്തനക്ഷമമായ സിസിടിവിയുടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. അറിയിക്കേണ്ട നമ്പര്‍ 8903067133.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക