കേരളം

യാക്കോബായ സഭയോട് വിട്ടുവീഴ്ച വേണം : ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന വൈദികര്‍ ; കാതോലിക്ക ബാവയ്ക്ക് കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിനെതിരെ മുതിര്‍ന്ന വൈദികര്‍. സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍ കാതോലിക്ക ബാവയ്ക്ക് കത്തയച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന 13 ഓളം വൈദികരാണ് സഭാ നേതൃത്വത്തിനെതിരെ രംഗത്തുവന്നത്. സഭാ നേതൃത്വം കൈക്കൊള്ളുന്ന പല തീരുമാനങ്ങളും സഭയുടെ അന്തസ്സിന് വിരുദ്ധമാണെന്ന് കത്തില്‍ വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. യാക്കോബായ സഭയുമായുള്ള തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണണമെന്നും വൈദികർ കത്തിൽ ആവശ്യപ്പെടുന്നു.

സഭയുടെ സുന്നഹദോസ് അടക്കം വിളിച്ചുകൂട്ടി കാര്യങ്ങള്‍ തീരുമാനിക്കേണ്ട അവസ്ഥയിലേക്കാണ് എത്തിയിട്ടുള്ളതെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സഭ സമിതികള്‍ ഉടന്‍ വിളിച്ചുചേര്‍ക്കണം. പാത്രീയാര്‍ക്കീസ് ബാവ സഭയിലെ സമാധാനവുമായി ബന്ധപ്പെട്ട് കാതോലിക്ക ബാവയ്ക്ക് കത്തയച്ചിരുന്നു. ഈ കത്തിന് കാതോലിക്ക ബാവ മറുപടി നല്‍കിയിരുന്നില്ല. ഈ കത്തിന് കാതോലിക്ക ബാവ ഉടന്‍ മറുപടി നല്‍കണം. ഭരണഘടന പ്രകാരം പാത്രിയാര്‍ക്കീസിന് നല്‍കേണ്ട സ്ഥാനങ്ങള്‍ കൃത്യമായി നല്‍കാന്‍ തയ്യാറാകണം.

ഓർത്തഡോക്സ് സഭ രാഷ്ട്രീയമായും അവ​ഗണിക്കപ്പെട്ടു.  മാധ്യമങ്ങൾക്കു മുന്നിൽ  പരിഹാസപാത്രമായി. ഇപ്പോൾ നടക്കുന്ന അക്രമപ്രവർത്തനങ്ങൾ അപലപനീയമാണ്. യാക്കോബായ സഭയുമായുള്ള തർക്കങ്ങൾക്ക് രമ്യമായ പരിഹാരം കാണണം. യാക്കോബായ സഭ അംഗങ്ങളുടെ ശവസംസ്‌കാരം സംബന്ധിച്ചുണ്ടാകുന്ന തർക്കങ്ങളും അക്രമങ്ങളും ക്രൈസ്തവസാക്ഷ്യത്തിന് എതിരാണ്. ക്രിസ്തീയമായ ക്ഷമയുടെ ആത്മാവിൽ നിന്നുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ അലിഖിതമായ ഒരു ധാരണയുണ്ടാകണം. കാതോലിക്കാ ബാവാ മലങ്കരസഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മീയ മേലധ്യക്ഷനായതിനാൽ തർക്കമുള്ള ഇടവകകളിൽ മറുപക്ഷത്തു നിൽക്കുന്ന സഹോദരങ്ങളെ ക്രിസ്തുവിന്റെ ആത്മാവിൽ സ്വാഗതംചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ബാവാ ഉൾപ്പെടെ, ജീവിച്ചിരിക്കുന്ന എല്ലാ മെത്രാപ്പൊലീത്തമാരുടെയും സെമിനാരി അധ്യാപകനായ ഫാ. ടി.ജെ. ജോഷ്വ, വൈദിക സെമിനാരി മുൻ പ്രിൻസിപ്പലും വേൾഡ് ക്രിസ്ത്യൻ കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗവുമായ ഫാ. കെ.എം. ജോർജ്, പഴയ സെമിനാരി മുൻ പ്രിൻസിപ്പലും സൺഡേ സ്‌കൂൾ ഡയറക്ടർ ജനറലുമായിരുന്ന ഫാ. ജേക്കബ് കുര്യൻ, മുൻ വൈദിക ട്രസ്റ്റിയും പഴയ സെമിനാരി പ്രിൻസിപ്പലുമായിരുന്ന ഫാ. ഒ. തോമസ് തുടങ്ങിയവരാണ് കത്തു നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ