കേരളം

വിടാന്‍ മടിച്ച് മണ്‍സൂണ്‍ ; ഇതുവരെ ലഭിച്ചത് 2330 മില്ലീമീറ്റര്‍ മഴ ; തുലാവര്‍ഷം ഒക്ടോബര്‍ പകുതിയോടെയെത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനം വിടാന്‍ മടിച്ച് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. സാധാരണ ജൂണ്‍ ആദ്യം ആരംഭിച്ച് സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്നതാണ് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സീസണ്‍. എന്നാല്‍ സംസ്ഥാനത്ത് മിക്കയിടത്തും ഇപ്പോള്‍ ഇടിമിന്നലോടെ പെയ്യുന്ന മഴ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ഇത്തവണ ജൂണ്‍, ജൂലായ് മാസങ്ങളില്‍ മഴ കുറവായിരുന്നു. അതാണ് ഇപ്പോഴും ഇടവപ്പാതിയുടെ ഭാഗമായ മഴ തുടരാന്‍ കാരണം. സംസ്ഥാനത്താകെ ഇത്തവണ ഇടവപ്പാതിയില്‍ 14 ശതമാനം കൂടുതല്‍ മഴ ലഭിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ കേരളത്തില്‍ ലഭിക്കേണ്ടത് 2049 മില്ലിമീറ്റര്‍ മഴയാണ്. തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം 2,330 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് മഴക്കുറവുണ്ടായത്. ഇടുക്കിയിലും വയനാട്ടിലും ഇത് 11, ആറ്് ശതമാനം വീതമാണ്.

ജൂണ്‍മാസത്തില്‍ സാധാരണയെക്കാള്‍ 33 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. എന്നാല്‍ ജൂലൈ മാസം അവസാനിച്ചപ്പോള്‍ ഇത് 33 ശതമാനം അധിക മഴയായി മാറി.  ഓഗസ്റ്റ് മാസത്തില്‍ മാത്രം സാധാരണ മഴയെക്കാള്‍ 15 ശതമാനം കൂടുതല്‍ ലഭിച്ചു. ഇടിമിന്നലോടെ പെയ്യുന്ന മഴ തുലാമഴയാണെന്ന് (വടക്ക് കിഴക്കന്‍ കാലവര്‍ഷം) തെറ്റിദ്ധാരണയും സജീവമായിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ പകുതിയോടെ മാത്രമേ കേരളത്തിലേക്ക് തുലാമഴ എത്തുകയുള്ളൂവെന്ന് കുസാറ്റിലെ കാലാവസ്ഥ റഡാര്‍ ഗവേഷണ വിഭാഗം ശാസ്ത്രജ്ഞര്‍ സൂചിപ്പിച്ചു. 

സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നടുവിലൂടെ കടന്നുപോകുകയാണ്. ഇതാണ് മഴമേഘങ്ങള്‍ ഇല്ലാത്തപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് ചൂടാകുന്നതിന് കാരണം. അന്തരീക്ഷം പെട്ടെന്ന് ചൂടാകുന്നതോടെ കട്ടിയുള്ള മേഘപാളികള്‍ രൂപപ്പെടും. ഇതോടൊപ്പം തമിഴ്‌നാടന്‍ തീരത്ത് രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദവും കട്ടിയേറിയ മേഘപാളികളായ ക്യുമുലോ നിംബസ് മേഘങ്ങള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. 10 കിലോമീറ്റര്‍ വരെ കനത്തിലാണ് ഈ മേഘപാളികള്‍ രൂപപ്പെടുന്നത്. ഈ മേഘപാളിയില്‍ പോസീറ്റീവ് നെഗറ്റീവ് ചാര്‍ജുകള്‍ വിഘടിക്കുന്നതാണ് ഇടിമിന്നലിന് കാരണമാകുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍