കേരളം

ഒരു കുടുംബത്തിലെ ആറ് പേര്‍ സമാനരീതിയില്‍ മരിച്ച സംഭവം: കല്ലറ തുറന്നുള്ള പരിശോധന ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളുമടക്കം ആറുപേര്‍ സമാന രീതിയില്‍ മരിച്ച സംഭവത്തില്‍ കല്ലറ തുറന്നുള്ള ഫോറന്‍സിക് പരിശോധന ഇന്ന് തുടങ്ങും. വര്‍ഷങ്ങളുടെ ഇടവേളയില്‍ നടന്ന മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ചിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. 

നാലുപേരെ സംസ്‌കരിച്ച കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് ആദ്യം തുറക്കുക. കുടുംബാഗങ്ങളുടെ സാന്നിധ്യത്തിലാകും മുഴുവന്‍ പരിശോധനകളും. കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ ഒന്‍പത് മണിയോടെ ലൂര്‍ദ്ദ് മാതാ പള്ളിയിലെത്തി കല്ലറ തുറക്കാനുള്ള നടപടി തുടങ്ങും. 

കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം, ഫോറന്‍സിക് വിദഗ്ദര്‍ താമരശേരി തഹസില്‍ദാരടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സബ് കളക്ടര്‍ക്ക് ഒപ്പമുണ്ടാകുക. നാലുപേരെ സംസ്‌കരിച്ച കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് ആദ്യം തുറക്കുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ മറ്റ് രണ്ടുപേരെ സംസ്‌കരിച്ച കോടഞ്ചേരി പള്ളിയിലെ കല്ലറകളും തുറക്കും. 

മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷ്ണങ്ങള്‍, പല്ല് എന്നിവ രാസപരിശോധനക്ക് വിധേയമാക്കുകയാണ് ഫോറന്‍സിക്ക് സംഘത്തിന്റെ ലക്ഷ്യം. രാസപരിശോധനയിലൂടെ മരണകാരണം സയനൈഡടക്കമുള്ള വിഷാംശമാണോയെന്ന് മനസിലാകും. 

2002 മുതല്‍ വര്‍ഷങ്ങളുടെ ഇടവേളകളിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ സമാന സ്വഭാവത്തോടെ കുഴഞ്ഞുവീണ് മരിക്കുന്നത്. വിദ്യാഭ്യാസവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അധ്യാപിക അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത് 

2002 ലാണ് അന്നമ്മയുടെ മരണം. ടോം തോമസ് 2008ലും റോയി 2011ലും മാത്യു 2014ലുമാണ് മരിച്ചത്. പിന്നീട് സിലിയുടെ കുട്ടിയും തുടര്‍ന്ന് 2016ല്‍ സിലിയും മരിച്ചു. ഇവരുടെ മരണകാരണം ഹൃദയാഘാതമെന്നായിരുന്നു ബന്ധുക്കളുടെ നിഗമനം. 

എന്നാല്‍ സംശയം തോന്നിയ ടോം തോമസിന്റെ മകന്‍ റോജോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കല്ലറ തുറക്കുന്നത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നുമാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും