കേരളം

തകര്‍ന്ന് പാളീസായി നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യദേവതയുടെ കടാക്ഷം ; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴുകോടി സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ അകപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളിയെ തേടി ഭാഗ്യദേവതയെത്തി. 35 വര്‍ഷമായി യുഎഇയിലുള്ള തിരുവനന്തപുരം സ്വദേശി കമലാസനന്‍ നാടാര്‍ വാസുവിനെയാണ് അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയത്. ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴുകോടി രൂപയാണ്(10 ലക്ഷം യു.എസ്. ഡോളര്‍) കമലാസനന്‍ എന്ന അമ്പത്തിയാറുകാരന്‍ നേടിയത്. സുഹൃത്ത് പ്രസാദുമായി ചേര്‍ന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നാട്ടിലേക്കു പോകുമ്പോള്‍ കമലാസനന്‍ നറുക്കെടുപ്പ് കൂപ്പണെടുത്തത്. നേരത്തെ കമലാസനന്റെകൂടെ ജോലി ചെയ്തിരുന്നയാളാണ് പ്രസാദ്.

ദുബായില്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ ബിസിനസ് നടത്തിവരികയായിരുന്നു കമലാസനന്‍. 2018 ജനുവരിയില്‍ ബിസിനസ് തകര്‍ച്ചയ്ക്കുശേഷം വലിയ കടബാധ്യതയിലായിരുന്നു. കേരളത്തിലേക്ക് മടങ്ങാനുള്ള ആലോചനയ്ക്കിടെയാണ് ചൊവ്വാഴ്ച രാവിലെ അധികൃതരുടെ ഫോണ്‍ വിളിയെത്തിയത്. ഉടന്‍തന്നെ പ്രസാദിനെയും വിവരമറിയിച്ചു. ലഭിച്ച സമ്മാനത്തുക പ്രസാദുമായി തുല്യമായി വീതിച്ചെടുക്കുമെന്നും ബിസിനസിലെ ബാധ്യതകള്‍ തീര്‍ക്കുമെന്നും കമലാസനന്‍ പറഞ്ഞു. 

സുഹൃത്തുക്കളുമായി ചേര്‍ന്ന് നേരത്തെയും കൂപ്പണ്‍ വാങ്ങിക്കാറുണ്ടായിരുന്നെങ്കിലും പിന്നീട് നിരാശനായി നിര്‍ത്തി. രണ്ടു മാസം മുന്‍പാണ് വീണ്ടും വാങ്ങാന്‍ തുടങ്ങിയത്. സമ്മാനം ലഭിച്ച കൂപ്പണ്‍ സെപ്റ്റംബറില്‍ നാട്ടിലേയ്ക്ക് പോകുമ്പോള്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കടയില്‍ നിന്നാണ് വാങ്ങിയതെന്ന് കമലാസനന്‍ പറഞ്ഞു. കസാഖ്‌സ്താന്‍ സ്വദേശി ഖുസൈന്‍ യെറംഷെവിനും മറ്റൊരു നറുക്കെടുപ്പില്‍ 10 ലക്ഷം യു.എസ്. ഡോളര്‍ സമ്മാനം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ