കേരളം

പാലായില്‍ ജോസഫ് വിഭാഗത്തിന് വിമത സ്ഥാനാര്‍ഥി? കര്‍ഷക യൂണിയന്‍ നേതാവ് പത്രിക നല്‍കി; നിര്‍ണായക നീക്കം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ പോര് രൂക്ഷമാവുന്നതിനിടെ പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ജോസഫ് വിഭാഗം നേതാവ് പത്രിക നല്‍കി. കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ, ജോസ് കെ മാണി വിഭാഗത്തില്‍നിന്നുള്ള ജോസ് ടോമിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിജെ ജോസഫ് ആവര്‍ത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കം.

സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിജെ ജോസഫിന്റെ പിഎയ്‌ക്കൊപ്പമാണ് ജോസഫ് പത്രിക നല്‍കാനെത്തിയത്. പിജെ ജോസഫിന്റെ അറിവോടെയാണ് സ്ഥാനാര്‍ഥിയാവുന്നതെന്നാണ് സൂചന. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പത്രിക നല്‍കുന്നതെന്നും ഡമ്മി സ്ഥാനാര്‍ഥി മാത്രമാണെന്നുമാണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്.

യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ജോസ് ടോമിന് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തില്‍ ജോസഫ് വിഭാഗം നേതാവ് പത്രിക നല്‍കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി. തന്റെ നേതൃത്വം അംഗീകരിച്ച് അപേക്ഷ നല്‍കിയാല്‍ മാത്രമേ ജോസ് ടോമിന് ചിഹ്നം അനുവദിക്കൂവെന്ന് ജോസഫ് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ അപേക്ഷിക്കാനില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. ഇന്നു മൂന്നു മണിക്കകം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്റെ കത്ത് നല്‍കാത്ത പക്ഷം രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് വരണാധികാരി വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പിജെ ജോസഫ് അസിസ്റ്റന്റ് വരണാധികാരിക്കു കത്തു നല്‍കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ് കത്ത് അസി. വരണാധികാരിക്കു കൈമാറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്