കേരളം

'ഇറങ്ങുകയും ചെയ്തു, മഴ നനയുകയും ചെയ്തു, വീട്ടിലെത്തിയതുമില്ല എന്ന അവസ്ഥയില്‍'; തെറ്റ് പറ്റിയത് മുഖ്യമന്ത്രിക്കോ, പാര്‍ട്ടിക്കോ ? ആഞ്ഞടിച്ച് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ശബരിമല വിഷയം ഉപയോഗിച്ച് കേരളത്തില്‍ ബിജെപിയെ എങ്ങനെയെങ്കിലും പച്ചപിടിപ്പിക്കാനാണ് സിപിഎമ്മും സര്‍ക്കാരും കിണഞ്ഞുശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതൃത്വത്തിലുള്ള മതേതര ചേരിയെ വിലാസം പോലുമില്ലാതെ രാഷ്ട്രീയകേരളത്തിന്റെ മൂലയ്ക്ക് തള്ളാനും ബിജെപിയും തങ്ങളും മാത്രമാകുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കാനുമാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. 

എന്നാല്‍ ആ നീക്കം പാളി. തെരഞ്ഞെടുപ്പില്‍ ബിജെപിയെയും സിപിഎമ്മിനെയും കേരളത്തിലെ ജനങ്ങള്‍ സമ്പൂര്‍ണമായി കയ്യൊഴിഞ്ഞു. ഇപ്പോല്‍ പിടിച്ചുനില്‍ക്കാനായി ഏറ്റുപറച്ചിലുമായി സിപിഎം രംഗത്തു വന്നിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ശബരിമല വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍, തെറ്റുപറ്റിയെന്ന് തലയില്‍ കൈവെച്ച് സമ്മതിക്കുകയാണ് പാര്‍ട്ടി. സിപിഎം എത്തിച്ചേര്‍ന്ന വലിയ പ്രതിസന്ധിയുടെ നേര്‍ചിത്രമാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും വാക്കുകളില്‍ വ്യക്തമാകുന്നത്. 

ഇറങ്ങുകയും ചെയ്തു, മഴ നനയുകയും ചെയ്തു, വീട്ടിലെത്തിയതുമില്ല എന്ന അവസ്ഥയാണ് സിപിഎമ്മിന് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വാരിക്കൂട്ടി നിലത്തടിച്ചതോടെ വിശ്വാസികളുടെ മുമ്പില്‍ മുഖം രക്ഷിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കിയാണ് വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിക്കാകട്ടെ വെറുതെ കിട്ടിയ നവോത്ഥാന നായക പരിവേഷം ഉപേക്ഷിക്കാനും വയ്യ.

തെറ്റ് പറ്റിയത് മുഖ്യമന്ത്രിക്കോ, പാര്‍ട്ടിക്കോ, അതോ രണ്ടുപേര്‍ക്കുമോ എന്ന ചോദ്യത്തിന് മുമ്പില്‍ തന്ത്രപൂര്‍വം ഒളിച്ചുകളിക്കുകയാണ് സിപിഎം. പറഞ്ഞത് കള്ളമാണെന്ന് ജനം തിരിച്ചറിഞ്ഞശേഷവും അതു സത്യമാക്കി മാറ്റാനുള്ള രാസവിദ്യ തിരയുകയാണ് മുഖ്യമന്ത്രി അടക്കമുള്ളവരെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ