കേരളം

തിരുവാഭരണം ഒളിപ്പിച്ചുകടത്തിയത് പ്രസാദത്തട്ടില്‍ ; പൂജാരിയുടെ ഭാര്യയുടെ സ്വര്‍ണഭ്രമം കുരുക്കായി ; പ്രതികള്‍ക്ക് തടവുശിക്ഷ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കന്യാകുമാരിയിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെ വിഗ്രഹ കവര്‍ച്ചക്കേസിലെ പ്രതികള്‍ക്ക് തടവുശിക്ഷ. കേസിലെ 23 പ്രതികളെ നാഗര്‍കോവില്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 6 വര്‍ഷം വരെ തടവിനാണ് ശിക്ഷിച്ചത്. സംഭവം നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. 1992 ലായിരുന്നു കന്യാകുമാരി ജില്ലയെത്തന്നെ അമ്പരപ്പിച്ച ക്ഷേത്രക്കവര്‍ച്ച നടന്നത്. 

തിരുവനന്തപുരത്തുനിന്ന് 54 കിലോമീറ്റര്‍ അകലെ മാര്‍ത്താണ്ഡത്താണ് പ്രശസ്തമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം. പ്രസാദം നല്‍കുന്ന തട്ടില്‍ ഒളിപ്പിച്ചാണ് ക്ഷേത്രത്തിലെ പൂജാരിമാരും ജീവനക്കാരും അടങ്ങിയ സംഘം സ്വര്‍ണം കടത്തിയത്. അന്നത്തെ വിലയനുസരിച്ച് ഒരു കോടിരൂപ വിലമതിക്കുന്ന 12 കിലോ സ്വര്‍ണവും കിരീടവും മുത്തു മാലകളുമാണ് ക്ഷേത്രത്തില്‍ നിന്ന് പ്രസാദത്തട്ടില്‍ വച്ച് സംഘം കടത്തിയത് . ശിക്ഷാ വിധി കേള്‍ക്കാന്‍ പ്രതികളില്‍ പത്തോളംപേര്‍ വ്യാഴാഴ്ച കോടതിയില്‍ ഉണ്ടായിരുന്നില്ല. ചിലര്‍ ആത്മഹത്യ ചെയ്തപ്പോള്‍,  ചിലര്‍ മരിച്ചുപോയിരുന്നു.

പൂജാരിയുടെ ഭാര്യയുടെ സ്വര്‍ണഭ്രമമാണ് കേസില്‍ പ്രതികളെ കുടുക്കിയത്. പെട്ടെന്നൊരു ദിവസം മുതല്‍ ക്ഷേത്രജീവനക്കാരന്‍ കേശവന്‍ പോറ്റിയുടെ ഭാര്യ കൃഷ്ണമ്മാള്‍ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞു തുടങ്ങിയത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടു. ഇടത്തരക്കാരനായ കേശവന്‍ പോറ്റിക്ക് നിധി കിട്ടിയോ എന്നുപോലും നാട്ടുകാര്‍ അമ്പരന്നു. ഇതിനിടെ ക്ഷേത്രത്തിലെത്തിയ ചില ഭക്തരാണ് പ്രസാദം നല്‍കുന്ന തട്ടില്‍ പൂജാരി ദേവന്റെ ആഭരണങ്ങള്‍ ഒളിപ്പിച്ചുവച്ച് ചിലര്‍ക്കു കൈമാറുന്നത് കണ്ടത്. ഭക്തര്‍ ഇതു ചോദ്യം ചെയ്തു. ദേവസ്വം അധികൃതര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് വന്‍ കവര്‍ച്ചയുടെ ചുരുള്‍ അഴിയുന്നത്. 

വിശദമായ അന്വേഷണത്തില്‍, പ്രസാദം നല്‍കുന്ന തട്ടില്‍ തിരുവാഭരണങ്ങള്‍ പുറത്തേക്ക് കടത്തിയതായും പൂജാരിമാര്‍ക്കും ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും മനസ്സിലായി. വര്‍ഷങ്ങളായി തട്ടിപ്പു നടന്നുവരികയായിരുന്നു. കണക്കെടുപ്പ് നടന്നതോടെ 12 കിലോ സ്വര്‍ണവും കിരീടവും മുത്തുമാലകളും നഷ്ടപ്പെട്ടതായി വ്യക്തമായി. ആദ്യം പൂജാരി കൃഷ്ണന്‍ നമ്പൂതിരിയെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഓരോരുത്തരായി അറസ്റ്റിലായി. 

ഭാര്യയ്ക്ക് നല്‍കാന്‍ ആഭരണങ്ങള്‍ കടത്തിയ കേശവന്‍പോറ്റി ആത്മഹത്യ ചെയ്തു. ഭാര്യ കൃഷ്ണമ്മാളും കേസില്‍ പ്രതിയായി. ആകെ 34 പ്രതികളാണ് ഉണ്ടായിരുന്നത്. മോഷണം പോയ 12 കിലോ സ്വര്‍ണത്തില്‍ 4.5 കിലോ തിരികെ ലഭിച്ചു. 1995 ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികളില്‍ ചിലര്‍ പിന്നീട് ആത്മഹത്യ ചെയ്തു. ചിലര്‍ മരിച്ചു. ജീവിച്ചിരിക്കുന്ന 23 പേരെയും് കോടതി കുറ്റക്കാരായി കണ്ടെത്തി. 14 പേര്‍ക്ക് 6 വര്‍ഷം തടവുശിക്ഷ ലഭിച്ചു. 9 പേര്‍ക്ക് 3 വര്‍ഷമാണ് തടവുശിക്ഷ. 10 ലക്ഷം രൂപയും പ്രതികളില്‍നിന്ന് ഈടാക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃഷ്ണമ്മാള്‍ക്ക് 6 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ