കേരളം

ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം ; തുക ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് സുപ്രിംകോടതി ; 90 ദിവസത്തിനകം പൊളിച്ചുനീക്കുമെന്ന് സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : മരടിൽ പൊളിക്കുന്ന ഫ്ലാറ്റുകളിലെ ഉടമകൾക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് സുപ്രിംകോടതി. ഈ തുക പിന്നീട് ഫ്ലാറ്റ് നിർമ്മാതാക്കളിൽ നിന്നും സർക്കാരിന് ഈടാക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാനായി റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ വിദ​ഗ്ധ സമിതിയെ നിയോ​ഗിക്കണം. സമിതി കുറ്റക്കാരെന്ന് കണ്ടെത്തുന്നവരിൽ നിന്ന് ഈ തുക പിടിച്ചെടുക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. 

നാലാഴ്ചയ്ക്കകം ഇടക്കാല നഷ്ടപരിഹാരം നൽകണം. തീരപരിപാലന ചട്ടം ലംഘിച്ച് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയ പഞ്ചായത്ത് ഉദ്യോ​ഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. ഫ്ലാറ്റ് ഉടമകളെ ദ്രോഹിക്കണമെന്ന ഉദ്ദേശത്തിലല്ല സുപ്രിംകോടതി വിധി. മറിച്ച് നിയമലംഘനത്തിനെതിരെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്രയും രവീന്ദ്രഭട്ടും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

പൊളിക്കൽ ഒക്ടോബർ 9 നു ആരംഭിക്കണം. കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസികളെ ഏൽപ്പിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഇതിൻരെ ചെലവ് സർക്കാരിൽ നിന്ന് ഈടാക്കും. കെട്ടിടം നിലനിർത്തണമെന്ന സർക്കാരിന്റെ ആവശ്യം അം​ഗീകരിക്കാനാവില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. തുടർന്ന് 90 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കാമെന്ന് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെ അറിയിച്ചു. 

അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 30 ദിവസം കൂടി വേണം. ആകെ 120 ദിവസങ്ങൾക്കകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്നും ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. പൊളിക്കൽ നടപടികളുടെ തുടക്കമായി ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി, വെള്ളം, പാചകവാതക കണക്ഷനുകളെല്ലാം വിച്ഛേദിച്ചതായി സാൽവെ അറിയിച്ചു. സർക്കാരിന്റെ നിർദേശം അം​ഗീകരിച്ച കോടതി, ഒക്ടോബർ 25 ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നും അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ