കേരളം

കുട്ടിക്ക് ജന്മനാ ഹൃദയ-ശ്വാസകോശ പ്രശ്‌നങ്ങളുണ്ടായിരുന്നു ; രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നതായി മന്ത്രി ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച നാലുമാസം പ്രായമുള്ള കുട്ടിക്ക് ജന്മനാ ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശനങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഹൈ റിസ്‌കിലായിരുന്നു കുട്ടിയുടെ അവസ്ഥ. കുട്ടിക്ക് എങ്ങിനെയാണ് കോവിഡ് പകര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സമ്പര്‍ക്കം വഴിയാണ് കുട്ടിക്ക് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വളര്‍ച്ചാക്കുറവുള്ള കുട്ടിയാണ്. ഹൃദയ വാല്‍വിന് തകരാറുണ്ടായിരുന്നു. ശ്വാസതടസ്സം  അടക്കമുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.

ഇത്തരം കുട്ടികളില്‍ വൈറസ് ബാധയുടെ നേരിയ സാന്നിധ്യം പോലും അപകടമാണ്. രോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. മരിച്ച കുട്ടിയുടെ സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെയും വൃദ്ധരുടെയും കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. പ്രഷര്‍, ഷുഗര്‍ അടക്കമുള്ള രോഗമുള്ളവരും വയസ്സായവരും കുട്ടികളും വീട്ടില്‍ തന്നെ തുടരണം. ഇന്ത്യയെ അപേക്ഷിച്ച് കേരളത്തില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും വളരെ കുറവാണ്. ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണിത്.

ഇതിന് അര്‍ത്ഥം കേരളത്തില്‍ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞുപോയി എന്നല്ല. ജാഗ്രത കര്‍ശനമായി തുടരേണ്ടതുണ്ട്. രോഗം മുക്തരായവരിലും 40 ദിവസം വരെ വൈറസ് കണ്ടു വരുന്നുണ്ട്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കൊറോണയുടെ ആര്‍എന്‍എ ഘടകം നിലനില്‍ക്കുന്നതുകൊണ്ടാണ് പിസിആര്‍ ടെസ്റ്റില്‍ പോസീറ്റീവ് ആയി കാണിക്കുന്നത്. എന്നാല്‍ വൈറസിന്റെ പ്രോട്ടീന്‍ ഘടകം 28 ദിവസത്തിലേറെ നിലനില്‍ക്കില്ല. ഇത് നശിച്ചുപോകുന്നതിനാല്‍ ആര്‍എന്‍എ ശരീരത്തില്‍ മൃതമായി നിലനില്‍ക്കും.

അതുകൊണ്ടുതന്നെ 28 ദിവസത്തിന് ശേഷം കൊറോണ വൈറസ് മറ്റൊരാളിലേക്ക് പകര്‍ത്താനാവില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇതുസംബന്ധിച്ച് പഠനങ്ങള്‍ പുരോഗമിക്കുകയാണ്. പരിയാരത്ത് മരിച്ചത് മാഹി സ്വദേശിയാണ്. ഇയാള്‍ കേരളത്തില്‍ ചികില്‍സ തേടിയെന്നേയുള്ളൂ. കോട്ടയത്ത് 62 കാരിയുടെ പരിശോധനാഫലം 22-മത്തെ ടെസ്റ്റില്‍ നെഗറ്റീവ് ആയത് ഏറെ ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി