കേരളം

നെയ്യാറ്റിന്‍കരയില്‍ ജാഗ്രത; നഗരസഭയിലെ 11 വാര്‍ഡുകളും നാല് പഞ്ചായത്തുകളും ഹോട്ട്‌സ്‌പോട്ടുകള്‍, കര്‍ശന നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിച്ചു. നെയ്യാറ്റിന്‍കര നഗരസഭയില്‍ ഒന്നുമുതല്‍ അഞ്ചുവരെയും 40മുതല്‍ 44വരെയുമുള്ള വാര്‍ഡുകളും 38ആം വാര്‍ഡും ഹോട്ട്‌സ്‌പോട്ടാക്കി. അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും. നെയ്യാറ്റിന്‍കര, വെള്ളറട, പാറശാല, ബാലരാമപുരം പഞ്ചായത്തുകളും ഹോട്ട്‌സ്‌പോട്ട് പരിധിയിലാക്കി. ഇവിടങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. 

നെയ്യാറ്റിന്‍കരയില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, പിഡബ്ല്യുഡി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ കോവിഡ് ഹെല്‍പ്പ് ലൈന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. 0471 2222227 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവരുടെ പട്ടിക ഉച്ചയോടെ പൂര്‍ത്തിയാകും. കോവിഡ് സ്ഥിരീകരിച്ചയാളുടെ താമസ സ്ഥലത്തിന് സമീപം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 

പൊതു സ്ഥലങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കുന്നതിന് നഗരസഭയെ ചുമതലപ്പെടുത്തി. പ്രധാന സ്ഥലങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍, കൂട്ടം കൂടുന്നവര്‍ എന്നിവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കും. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവരെ ഹോം ക്വാറന്റയിനില്‍ ആക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഇവരുടെ സ്രവം പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കും.
 
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കോവിഡ്  ക്രമീകരണങ്ങള്‍ വിപുലപ്പെടുത്തും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷ്യധാന്യം, പച്ചക്കറി, മറ്റ് അത്യാവശ്യ സാധനങ്ങള്‍ കയറ്റിവരുന്ന വാഹനങ്ങളിലെ ഡ്രൈര്‍മാരെ കര്‍ശന പരിശോധനക്ക് വിധേയമാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി