കേരളം

മരിക്കുമ്പോള്‍ അമ്മയ്ക്ക് കോവിഡ് ഇല്ലായിരുന്നു; എയിംസിലെ സര്‍ട്ടിഫിക്കറ്റ് തെളിവ്; വിശദീകരണവുമായി കണ്ണന്താനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍ അമ്മയ്ക്ക് കോവിഡ് പോസിറ്റാവായിരുന്നില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം. മരിക്കുന്നതിനു മുന്‍പുതന്നെ പരിശോധനാ ഫലം നെഗറ്റീവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന വിവരം മറച്ചുവച്ച് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് അല്‍ഫോന്‍സിന്റെ പ്രതികരണം

മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവായിരുന്നു. ഇതേ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്.  എയിംസില്‍ നടത്തിയ പരിശോധനകളുടെ ഫലം ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. അതേസമയം കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ ആന്തരിക അവയവങ്ങള്‍ പലതിനും തകരാറുകള്‍ സംഭവിച്ചിരുന്നു. അതു പൂര്‍വസ്ഥിതിയില്‍ ആകാതിരുന്നതാണ് മരണകാരണമെന്നും കണ്ണന്താനം പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നില്ല മരണം. അതുകൊണ്ടു തന്നെ സാങ്കേതികമായി കോവിഡ് ബാധിച്ചതാണ് മരണകാരണം എന്നു പറയുന്നതില്‍ തെറ്റില്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം വിശദീകരിച്ചു.

ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂണ്‍ 10നാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തുടര്‍ന്ന് മൃതദേഹം വിമാനത്തില്‍ കോട്ടയം മണിമലയിലെത്തിച്ച് പൊതുദര്‍ശനത്തിനുവച്ച ശേഷം 14ന് സംസ്‌കരിക്കുകയായിരുന്നു. ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് താന്‍ ആദ്യം സ്വീകരിച്ചതെന്നും ആളുകള്‍ക്ക് തെറ്റിദ്ധാരണ മൂലം പേടിയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് വിശദീകരണവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു

അമ്മ കോവിഡ് ബാധിച്ച് മരിച്ച വിവരം അല്‍ഫോന്‍സ് കണ്ണന്താനം മറച്ചുവച്ചെന്നും പിന്നീട് ഒരു ഘട്ടത്തില്‍ ഇതു വെളിപ്പെടുത്തിയെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന വ്യക്തി രംഗത്തു വന്നിരുന്നു. രാജ്യത്ത് കോവിഡ് പോസിറ്റീവായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതു സംബന്ധിച്ച് കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ട്. ഇവിടെ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ജോമോന്റെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍