കേരളം

പത്ത് ദിവസം ചികിത്സയിലിരുന്ന അമ്മയ്ക്കും കുഞ്ഞിനും കോവിഡ് ഇല്ലെന്ന് സന്ദേശം; എസ്എംഎസ് വിവാദമായി, വെട്ടിലായി ആരോ​ഗ്യവകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആരോഗ്യവകുപ്പിന്റെ എസ്എംഎസ് വിവാദമായി. വാളാട് കൂടംകുന്ന് പ്രദേശത്തെ 28 വയസുള്ള സ്ത്രീയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും പത്ത് ദിവസമാണ് കോവിഡ് ചികിത്സ കേന്ദ്രത്തിൽ താമസിപ്പിച്ചത്. കോവിഡ് മുക്തരായെന്ന് കണ്ടതിനെ തുടർന്ന് ഇരുവരും വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് ആദ്യ പരിശോധനയിൽ ഫലം നെ​ഗറ്റീവ് ആയിരുന്നെന്ന് സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചത്. ഇതോടെയാണ് രോഗബാധ ഇല്ലാത്ത  അമ്മയെയും കുഞ്ഞിനെയുമാണ് അധികൃതർ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചതെന്ന ആരോപണം ഉയർന്നത്. 

ജൂലൈ 28നാണ് ഇരുവരുടെയും ആദ്യ‌ ആന്റിജൻ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ ഇരുവരും നെ​ഗറ്റീവ് ആണെന്നാണ് കണ്ടെത്തിയത്. എന്നാൽ അടുത്ത ദിവസങ്ങളിൽ ഇവരുടെ അടുത്ത ബന്ധുക്കൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ മാസം 3ന് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം പോസറ്റീവാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഇതേതുടർന്ന് ഈ മാസം ആറാം തിയതി മുതൽ പത്ത് ദിവസം അമ്മയും കുഞ്ഞും നല്ലൂർനാട് കോവിഡ് ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞു.

രോ​ഗം ഭേ​ദമായെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്. 24-ാം തിയതി ആരോഗ്യ വകുപ്പ് അയച്ച സന്ദേശത്തിൽ മൂന്നാം തിയതി നടത്തിയ ആർടിപിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്ന് കണ്ടതാണ് സംശയമുണ്ടാക്കിയത്. നാട്ടുകാരടക്കം സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർത്തി. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺ​ഗ്രസ്സും മുസ്ലീം ലീ​ഗും രം​ഗത്തെത്തി. അതേസമയം ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നതാണെന്നും സാങ്കേതിക പിഴവ് മൂലം തെറ്റായ സന്ദേശം എത്തിയതാണെന്നും വാളാട് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു