കേരളം

'മറക്കരുത് മാസ്ക് ധരിക്കാൻ'- വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കർശന കോവിഡ‍് നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ്. പോളിങ് ബൂത്തുകളിൽ പാലിക്കേണ്ട ചട്ടങ്ങൾ ഇവയാണ്.

ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ. 

വോട്ട് ചെയ്യാൻ എത്തുന്നവർ വായും മൂക്കും മൂടുന്ന വിധത്തിൽ മാസ്ക് ധരിക്കാൻ മറക്കരുത്. ആവശ്യപ്പെട്ടാൽ മാത്രം മാസ്ക് താഴ്ത്തി മുഖം വ്യക്തമാക്കണം. ബൂത്തിൽ സാനിറ്റൈസർ ഉണ്ടാകുമെങ്കിലും സ്വന്തമായി കരുതുന്നത് നല്ലതാണ്. വോട്ടർമാർ പരസ്പരം സ്പർശിക്കാതെ ശ്രദ്ധിക്കുക. പ്രായമേറിയവർ, ഭിന്നശേഷിക്കാർ, രോ​​ഗ ബാധിതർ എന്നിവർ ക്യൂവിൽ നിൽക്കേണ്ട. ബട്ടനിൽ തൊടും മുൻപ് കൈകൾ സാനിറ്റൈസ് ചെയ്യുക. മെഷീനിൽ സാനിറ്റൈസർ പുരട്ടരുത്. രജിസ്റ്ററിൽ ഒപ്പിടാൻ സ്വന്തം പേന കരുതാം. ശേഷം കൈകൾ സാനിറ്റൈസ് ചെയ്യുക.  

തെരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തിനു സമീപത്തു രാഷ്ട്രീയ ചിഹ്നം പതിച്ച മാസ്ക് ധരിച്ചെത്തുന്നതു ചട്ട ലംഘനമാണ്. രാഷ്ട്രീയ കക്ഷികളെല്ലാം മുന്നണിയുടെ ചിഹ്നമോ കൊടിയുടെ നിറമോ പതിച്ച മാസ്ക്കുകൾ വ്യാപകമായി വിതരണം ചെയ്യുന്ന സാഹചര്യത്തിലാണ് ഇവ ധരിച്ചു ബൂത്തിലെത്തരുതെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചത്. പോളിങ് സ്‌റ്റേഷനു സമീപം വോട്ട് അഭ്യർഥിക്കാനും പാടില്ല. 

ബൂത്തിൽ വോട്ടർമാരെ എത്തിക്കാൻ സ്ഥാനാർഥികളോ രാഷ്ട്രീയ പാർട്ടികളോ വാഹനം ഏർപ്പെടുത്താൻ പാടില്ല. പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ വരെയും നഗരസഭകളിൽ 100 മീറ്റർ അകലെ വരെയും മാത്രമേ രാഷ്ട്രീയ പാർട്ടികളുടെ  ക്യാമ്പുകൾ സ്ഥാപിക്കാൻ അനുവദിക്കൂ. ഈ ക്യാമ്പുകളിൽ സ്ഥാനാർഥിയുടെ പേര്, പാർട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനർ വയ്ക്കാം. ബന്ധപ്പെട്ട അധികാരിയിൽ നിന്നു രേഖാമൂലം അനുമതി വാങ്ങിയ ശേഷമേ ക്യാമ്പ് സ്ഥാപിക്കാവൂ. 

പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷകർ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിങ് ഓഫീസർമാർ എന്നിവരൊഴികെയുള്ളവർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. രാഷ്ട്രീയ കക്ഷികൾ അവരുടെ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാർഡുകളും നൽകണം. സമ്മതിദായകർക്കു വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിൽ ഉള്ളതാകണം. ഇതിൽ സ്ഥാനാർഥിയുടെയും കക്ഷികളുടെയും പേരോ ചിഹ്നമോ ഉണ്ടാകരുത്.

ബൂത്തിനു സമീപത്തു നിശ്ചിത പരിധിയിൽ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ പതിച്ച മാസ്‌ക് ഉപയോഗിക്കരുത്. വോട്ടെടുപ്പിനു മുൻപ് 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യ വിൽപന നടത്തരുത്. സ്ഥാനാർഥിയുടെ ക്യാംപുകളിൽ ആഹാരം വിതരണം പാടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍