കേരളം

'പുറം കാഴ്ചകളും കെട്ടുകാഴ്ചകളുമായ് ഇക്കുറി അഷ്ടമി പഴയതുപോലെ വന്നില്ല'; സിപിഎം നേതാവിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇന്നായിരുന്നു വൈക്കത്തഷ്ടമി. കോവിഡ് കാലമായതിനാല്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു വൈക്കത്തഷ്ടമി ആഘോഷം. ഇതിനെ കുറിച്ച് സിപിഎം നേതാവും വൈക്കം മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ പികെ ഹരികുമാറിന്റെ ശ്രദ്ധേയമാകുന്നു. പുറം കാഴ്ചകളും കെട്ടുകാഴ്ചകളുമായ് ഇക്കുറി അഷ്ടമി പഴയതുപോലെ വന്നില്ല. ക്ഷേത്ര മതിലുകള്‍ക്കകത്തും പുറത്തും ജനമിരമ്പുന്നില്ല,വാണിഭങ്ങള്‍ തകര്‍ക്കുന്നില്ല,പരമ്പരാഗത രുചി ഭേദങ്ങള്‍ ആരും വില്‍പ്പനക്ക് വച്ചിട്ടില്ല അകത്ത് പെരുവനം കുട്ടന്‍മാരാരുടെ ചെണ്ടയുടെ ശബ്ദഘോഷം കേള്‍ക്കുന്നേയില്ല.വെളുപ്പാന്‍ കാലം വരെ നീളുന്ന കഥകളിയുമില്ല പകരം കൊട്ടിപ്പാടി സേവയുടെ നേര്‍ത്ത ശബ്ദം മാത്രം. എന്നിട്ടും കാലം തെറ്റാതെ ഇക്കുറിയും അഷ്ടമി വന്നു. ഇടത്തേക്കു ചാഞ്ഞ് വീശുന്ന കാറ്റിന്റെ സുഗന്ധവുമായി പുറത്ത് തിരഞ്ഞെടുപ്പിന്റെ ,രോഗത്തെ കരുതിയുള്ള കലാശക്കൊട്ട്. ഇങ്ങനെയും ഒരഷ്ടമിക്കാലമെന്ന് ഹരികുമാര്‍ ഫെയസ്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം


ഇന്ന് വൈക്കത്തഷ്ടമി.മഹാരോഗത്തിന്റെ പടര്‍ചക്ക് നടുവില്‍ ആരോരുമറിയാതെ പതിമൂന്ന് ഇരവു പകലുകളുടെ പൂരക്കാഴ്ചക്ക് ഇന്ന് അറുതിയാകും.സാധാരണ ശിശിരത്തിലെ ആദ്യത്തെ ഉല്‍സവാരവം വൈക്കത്താണ്.വാദ്യഘോഷങ്ങളുടെ ഉച്ചസ്ഥായില്‍ നിന്ന് നിറദീപങ്ങളുടെ മന്ദ്രമധുരമായ താഴ് വാരങ്ങളിലേക്ക് അഷ്ടമിയുടെ വരവ്.ഈ ക്ഷേത്ര ചുറ്റുമതിലിനു പുറത്തെ അതിപുരാതന കായലോര നഗര ജനപഥങ്ങളിലാണ് ആട്ടിയകറ്റപ്പെട്ട ജനതതി സംഘം ചേര്‍ന്ന് ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭ നാളുകളില്‍, ഖിലാഫത്ത് സമരത്തിന്റെ തീവ്ര നേരങ്ങളില്‍ പടയോട്ടം നടത്തിയത്. ജാത്യാചാരങ്ങളുടെ വിലക്കുകളെ നീക്കം ചെയ്യാന്‍ ദശാബ്ദങ്ങള്‍ക്കപ്പുറത്ത് നടന്ന ആ മഹാസത്യാഗ്രഹത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും പതിഞ്ഞു കിടക്കുന്ന ക്ഷേത്ര വീഥികള്‍ ഇപ്പോള്‍ അഷ്ടമി ഉത്സവത്തിന്റെ തിമിര്‍പ്പിലാകണ്ടതായിരുന്നു. എല്ലാം രോഗം വന്ന് കെടുത്തിക്കളഞ്ഞു. ശരിക്കും ഈ ദിവസം ഉത്സവം കൊഴുത്തു നില്‍ക്കുന്ന പടിഞ്ഞാറെ നടയില്‍ നിന്നു നോക്കിയാല്‍ നുര കുത്തുന്ന ജനസഞ്ചയത്തിനിടയില്‍,തീണ്ടല്‍ പലക നിന്ന പ്രദേശത്തിന്റെയും അററത്ത് ,പൗരാണികതയുടെ പ്രതീകമായ ബോട്ട് ജട്ടി കാണാം. അവിടെയാണ് ഗാന്ധിജി വന്നിറങ്ങിയത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരത്തില്‍ എല്ലാവര്‍ഷവും വൃശ്ചികമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ വൈക്കത്തഷ്ടമിയെത്തും.
ക്ഷേത്രത്തിന്റെ ചുറ്റുവഴികളില്‍ നിറദീപങ്ങളുടെ പ്രഭയാണ്. അവിടെ തെരുവോരങ്ങള്‍ നിറയെ വഴിവാണിഭക്കാര്‍, കൗതുക കാഴ്ചകളുടെ തമ്പുകള്‍, കമാനങ്ങള്‍, പലഹാരത്തട്ടുകള്‍, വര്‍ണ്ണക്കുടകള്‍, വളകളുടെ സംഗീതം,ജനസഹസ്രങ്ങളിരമ്പുന്ന മഹാ മേളയുടെ സത്യപ്രത്യക്ഷം, ഇന്ന് മൂകത മൂടി അങ്ങനെ കിടപ്പാണ്.
ചെമ്പിലരയന്റെ പിന്‍തുടര്‍ച്ചക്കാരായ ഉന്റ്റോശേരിക്കാര്‍ നടക്കുവക്കുന്ന പട്ടു ചുറ്റിയ ചരടില്‍ കെട്ടിയ കൊടി അറുപത്തിനാലടി ഉയരമുള്ള സ്വര്‍ണ്ണ ധ്വജത്തില്‍ ഉയര്‍ത്തുന്നിടത്തു തുടങ്ങി, നീണ്ട പന്ത്രണ്ടുനാളുകളുടെ അവസാനം ആറാട്ടോടുകൂടി സമാപിക്കുന്ന വൈക്കത്തഷ്ടമിക്ക് സര്‍വ്വാംഗം മതേതര ഛായയാണ്. സവര്‍ണ്ണ അവര്‍ണ്ണ ജാതി മത ഭാഷാ ഭേദമില്ലാതെ നടന്ന മഹാ സമരത്തിന്റെ അപൂര്‍വ്വത തെക്കന്‍ കാശിയിലെ അഷ്ടമി ഉത്സവത്തിലും പരന്നു കിടപ്പുണ്ട്. നിറഞ്ഞു കവിയുന്ന പുരുഷാരം ക്ഷേത്രത്തിനകത്തും പുറത്തും കാന്തി പരന്നൊഴുകുന്ന ഉത്സവ പ്രഭ, ക്ഷേത്രത്തിന്റെ കൂറ്റന്‍ പ്രാകാരങ്ങള്‍ക്കകത്തെ കല്‍വിളക്കുകളും ആലവട്ടവും വെണ്‍ചാമരവും തീവെട്ടിയും ശീവേലിയും നെറ്റിപ്പട്ടം കെട്ടിയ പന്ത്രണ്ട് ആനച്ചന്തവും, അകമ്പടി പോകുന്നതോക്കുധാരികളായ സൈന്യവും വാദ്യഘോഷങ്ങളുടെ ദ്രുതതാളവും സംഗീതത്തിന്റെ മധുരോദാരമായ ധ്വനി വീചികളുമെല്ലാം എല്ലാവര്‍ക്കും സ്വന്തമാണ്..
പന്ത്രണ്ട് രാപ്പകലുകളും ക്ഷേത്ര പരിസരത്ത് നടക്കുന്ന കുത്ത്,പാഠകം, കുറത്തിയാട്ടം,തുള്ളല്‍,കഥകളി കച്ചേരി ചെണ്ടയുടെ ആസുരതാളം.ക്ഷേത്ര കലകളുടേയും അനുഷ്ടാന കലകളുടേയും വൈവിദ്യമാര്‍ന്ന അരങ്ങുകളായിരുന്നു ഇവിടം. അന്നദാനപ്രഭു എന്നു പേരുവിളിക്കുന്ന വൈക്കത്തപ്പന്റ പ്രാതല്‍ ജനകീയതയുടെ മറ്റൊരു തെളിവാണ്. ആയിരത്തഞ്ഞൂറ് പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ക്ഷേത്ര സങ്കേതത്തിലെ ഊട്ടുപുരയും അഷ്ടമി നാളിലെ നൂറ്റി ഒന്നു പറ അരിയുടെ സദ്യയും ഈ ജനകീയതയുടെ മറ്റൊരു തെളിവായി എഴുന്നു നില്‍ക്കുന്നു. 'സര്‍വാണി സദ്യയിലെ സാമൂഹ്യ അനീതിയുടെ അംശങ്ങളെ കാലം മാറ്റി.ആനപ്പന്തലിനടുത്ത് വ്യാഘ്രപാദമുനി തപസ്സനുഷ്ടിച്ച സ്ഥാനത്ത് പടര്‍ന്നു നില്‍ക്കുന്ന ആല്‍മരം. പഴയ കുറ്റന്‍ ആല്‍മരം വഴിക്കെവിടെയൊ വീണു പോയി. വടക്കേനടയില്‍ കെട്ടിയ പന്തലില്‍ നടക്കുന്ന വരവേല്‍പ്പും തുടര്‍ന്നുള്ള വിട ചൊല്ലലും ആയിരങ്ങള്‍ക്ക് കാഴ്ച. ഇക്കുറി ആളൊഴിഞ്ഞ ചടങ്ങായി. പുറം കാഴ്ചകളും കെട്ടുകാഴ്ചകളുമായ് ഇക്കുറി അഷ്ടമി പഴയതുപോലെ വന്നില്ല. ക്ഷേത്ര മതിലുകള്‍ക്കകത്തും പുറത്തും ജനമിരമ്പുന്നില്ല,വാണിഭങ്ങള്‍ തകര്‍ക്കുന്നില്ല,പരമ്പരാഗത രുചി ഭേദങ്ങള്‍ ആരും വില്‍പ്പനക്ക് വച്ചിട്ടില്ല അകത്ത് പെരുവനം കുട്ടന്‍മാരാരുടെ ചെണ്ടയുടെ ശബ്ദഘോഷം കേള്‍ക്കുന്നേയില്ല.വെളുപ്പാന്‍ കാലം വരെ നീളുന്ന കഥകളിയുമില്ല പകരം കൊട്ടിപ്പാടി സേവയുടെ നേര്‍ത്ത ശബ്ദം മാത്രം. എന്നിട്ടും കാലം തെറ്റാതെ ഇക്കുറിയും അഷ്ടമി വന്നു. ഇടത്തേക്കു ചാഞ്ഞ് വീശുന്ന കാറ്റിന്റെ സുഗന്ധവുമായി പുറത്ത് തിരഞ്ഞെടുപ്പിന്റെ ,രോഗത്തെ കരുതിയുള്ള കലാശക്കൊട്ട്. ഇങ്ങനെയും ഒരഷ്ടമിക്കാലം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍