കേരളം

മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്, വ്യാഴാഴ്ച ഹാജരാകണം; സി എം രവീന്ദ്രന്‍ ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം  രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രവീന്ദ്രനോട് ഇ ഡി ആവശ്യപ്പെട്ടത്. ഇത് നാലാംതവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രവീന്ദ്രന് ഇ ഡി നോട്ടീസ് അയക്കുന്നത്. അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് നീക്കങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെ മൂന്നുതവണയും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി രവീന്ദ്രന്‍ അഭിഭാഷകന്‍ മുഖേന ഇഡിക്ക് കത്തയച്ചിരുന്നു. കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാല്‍ ചോദ്യം ചെയ്യലിന് രണ്ടാഴ്ച കൂടി സാവകാശം നല്‍കണമെന്നാണ് കത്തിലൂടെ അഭ്യര്‍ഥിച്ചത്. ഇത് തള്ളിയാണ് വ്യാഴാഴ്ച ഹാജരാകാന്‍ ഇഡി രവീന്ദ്രനോട് ആവശ്യപ്പെട്ടത്. കോടതിയുടെ അനുമതി പ്രകാരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും ഇഡി ജയിലില്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്.

അതേസമയം ചോദ്യം ചെയ്യലില്‍ ഇളവുകള്‍ തേടിയാണ് രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ആകണമെന്ന് ഇഡിയോട് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ഥിച്ച് രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കസ്റ്റഡിയില്‍ എടുക്കുന്നത് തടയണം. ചോദ്യം ചെയ്യലിന് നിശ്ചിത സമയം അനുവദിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി