കേരളം

'നിങ്ങള്‍ക്കു കുറച്ചു വിഷമമുണ്ടാവുമെന്നറിയാം' ; തിളങ്ങുന്ന ജയത്തില്‍ കരുത്തനായി പിണറായി, ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആരോപണങ്ങളുടെയും രാഷ്ട്രീയ വിവാദങ്ങളുടെയും പെരുംപ്രളയത്തില്‍ മുങ്ങിനില്‍ക്കുമ്പോഴുള്ള തദ്ദേശ തെരഞ്ഞെടുപ്പു ജയം ഇടതു മുന്നണിക്കും സിപിഎമ്മും നല്‍കുന്നത് വലിയ ഊര്‍ജവും ആത്മവിശ്വാസവും. ആറു മാസത്തിനിപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ വര്‍ധിത വിശ്വാസത്തോടെ നേരിടാനുള്ള കരുത്താണ് ഗ്രാമ, നഗര വ്യത്യാസമില്ലാതെ നേടിയ മിന്നുന്ന ജയം എല്‍ഡിഎഫിനു നല്‍കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നേരിട്ടതിനു സമാനമായ ആക്ഷേപങ്ങളാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ പിണറായി വിജയന്‍ സര്‍ക്കാരിനു നേരെയുണ്ടായത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മറവില്‍ സര്‍ക്കാരിന്റെ പല പദ്ധതികളെയും ഇരുട്ടില്‍ നിര്‍ത്താനുള്ള ശ്രമങ്ങളുണ്ടായി. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴും സംസ്ഥാനത്ത് അതുപലപ്പോഴും രാഷ്ട്രീയ വിവാദത്തിനു വിഷയമായി. മകന്‍ ലഹരിമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടു കേസില്‍ പെട്ടതിനു പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും വിലയിരുത്തലുകള്‍ വന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി ഉജ്വല വിജയം നേടിയത്. 

സ്വര്‍ണക്കടത്തു കേസിലെ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ ലൈഫ് മിഷനിലേക്കു നീണ്ടത് വന്‍ രാഷ്ട്രീയ വിവാദത്തിനാണ് വഴിമരുന്നിട്ടത്. ലൈഫ് മിഷന്‍ അപ്പാടെ അഴിമതിയാണെന്ന ആക്ഷേപം പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരമായി ഉന്നയിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ ഉപേക്ഷിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമായി പലയിടത്തും യുഡിഎഫും ബിജെപിയും ഉയര്‍ത്തിക്കൊണ്ടുവന്നത് ഇതാണ്. നയന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഉള്‍പ്പെടെ ആരോപണവിധേയരെ മാറ്റിനിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ, തെല്ലും കൂസാതെയാണ് ആക്ഷേപങ്ങളോടു പ്രതികരിച്ചത്. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഊന്നിനിന്ന പിണറായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന്റെയും മറ്റ് ആക്ഷേപങ്ങളുടെയും മറവില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചവരെ 'സ്വന്തം ശൈലിയില്‍ തന്നെ' നേരിട്ടു. 'നിങ്ങള്‍ക്കു കുറച്ചു വിഷമമുണ്ടാവുമെന്നറിയാം, എന്നാല്‍ നിങ്ങള്‍ പടച്ചുവിടുന്ന കണക്കുകള്‍ക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ സീലു കുത്തുന്നത്' എന്നാണ് ആരോപണങ്ങളുടെ നടുവില്‍നിന്ന് പിണറായി പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തോടെ അപ്രതിരോധ്യമാവുന്നത് പാര്‍ട്ടിയില്‍ പിണറായി വിജയന്റെ സ്ഥാനം കൂടിയാണ്. പൊലീസ് ആക്ട് ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിണറായിക്കെതിരെ സിപിഎമ്മില്‍ പതിവില്ലാത്തവിധം ശബ്ദങ്ങള്‍ ഉയര്‍ന്നത് തെരഞ്ഞെുപ്പിനു തൊട്ടു മുമ്പാണ്. 

അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ഭരണമാറ്റമെന്ന പതിവിനു വിരുദ്ധമായി തുടര്‍ ഭരണമെന്ന സ്വപ്‌നത്തിനു ജീവന്‍ വയ്പ്പിക്കുന്ന ജനവിധിയാണ്, എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം തദ്ദേശത്തിലേത്. എല്‍ഡിഎഫ് നേതാക്കളില്‍നിന്നു വന്ന പ്രതികരണങ്ങള്‍ അതു പ്രകടമായും എടുത്തുകാട്ടുന്നുണ്ട്. ആരോപണങ്ങള്‍ ആഞ്ഞുവീശുമ്പോഴും ഗ്രാമ, നഗര വ്യത്യാസമില്ലാതെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വലിയൊരു ജനവിഭാഗമുണ്ടെന്നതിന്റെ തെളിവായി അവര്‍ ഈ ഫലത്തെ എടുത്തുകാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി