കേരളം

കുട്ടിയുടെ അവകാശത്തെ ചൊല്ലി തര്‍ക്കം; വടകര ടൗണിലൂടെ കുതിച്ച് കാര്‍, അള്ളിപ്പിടിച്ച്‌ ബോണറ്റില്‍ യുവാവ്‌

സമകാലിക മലയാളം ഡെസ്ക്


വടകര : കുട്ടിയുടെ അവകാശത്തിൽ കോടതി നടപടികൾ നടക്കുന്നതിന് ഇടയിൽ വടകരയിലുണ്ടായത് നാടകീയ സംഭവങ്ങൾ. വൺവേ നിയമം തെറ്റിച്ച് കുതിക്കുന്ന കാർ, കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിച്ച് കിടന്ന് യുവാവ്. വ്യാഴാഴ്ച വടകര ടൗണിൽ നടന്നത് സിനിമാ സ്റ്റൈൽ സംഭവങ്ങൾ.

കോടതി പരിസരം മുതൽ സെയ്‌ന്റ് ആന്റണീസ് ഗേൾസ് സ്കൂൾ വരെ കാറിന്റെ ബോണറ്റിൽ അള്ളി പിടിച്ച് കിടക്കുകയായിരുന്നു യുവാവ്. വടകര കുടുംബകോടതിയിൽ കുട്ടിയുടെ സംരക്ഷണ അവകാശവുമായി ബന്ധപ്പെട്ട കേസിൽ വിധി കാത്തുനിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കാറിന്റെ ബോണറ്റിൽ കിടന്ന യുവാവിന്റെ സഹോദരിയുടെ കുട്ടിയുടെ അവകാശത്തെ ചൊല്ലിയുള്ള കേസിലാണ് കുടുംബ കോടതി വിധി പറയാനിരുന്നത്. 

കോഴിക്കോട് സ്വദേശിയാണ് യുവാവിന്റെ സഹോദരിയെ വിവാഹം കഴിച്ചത്. കുടുംബത്തർക്കം സംബന്ധിച്ച് കോഴിക്കോട് കുടുംബകോടതിയിൽ കേസ് നടന്നുവരുകയാണ്. കുട്ടിയുടെ സംരക്ഷണച്ചുമതല പിതാവിനാണ് കോടതി ആദ്യം നൽകിയത്. ഇതിനിടയിൽ കുട്ടിയെ വിട്ടുകിട്ടാൻ മാതാവ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതുസംബന്ധിച്ച് വിധിപറയാൻ കോഴിക്കോട് കോടതി ജഡ്ജി അവധിയായതിനാൽ വടകര കുടുംബകോടതി ജഡ്ജിക്ക് ചുമതല നൽകി.

ഇതിന്റെ വിധി അറിയാൻ വേണ്ടിയാണ് കുട്ടിയും പിതാവും വ്യാഴാഴ്ച വടകര കോടതിയിലെത്തിയത്. വൈകീട്ട് അഞ്ചുമണി കഴിഞ്ഞതോടെ കോടതി വിധിപറയൽ മാറ്റിവെച്ചു. ഇതോടെ കുട്ടിയെയും കൊണ്ട് പിതാവ് കാറിൽ കയറിയ സമയത്ത് മാതാവിന്റെ സഹോദരനായ യുവാവ് കാർ തടയാൻ ശ്രമിച്ചു. ഇതോടെ കുട്ടിയുടെ പിതാവ് കാർ മുന്നോട്ടെടുത്ത് ഓടിച്ചുപോയി. യുവാവ് കാറിന്റെ ബോണറ്റിലുമായി. 

ഒടുവിൽ സ്കൂൾപരിസരത്ത് യുവാവ് റോഡിലേക്ക് വീണു. കാലിന് പരിക്കുണ്ട്. കാർ പിന്നീട് കീഴലിൽ ആളില്ലാത്ത നിലയിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചു. കോഴിക്കോട്‌ അരക്കിണർ സ്വദേശിയായ യുവാവിനാണ് പരിക്ക്. പരിക്കേറ്റ ഇയാൾ ജില്ലാ ആശുപത്രിയിൽ പ്രാഥമികചികിത്സ തേടിയശേഷം വടകര പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ധരിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍