കേരളം

'ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ'; കുറിപ്പ്, വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം മേയറായി ഇരുപത്തിയൊന്നുകാരി ആര്യാ രാജേന്ദ്രനെ നിയോഗിച്ച സിപിഎം നടപടി വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. സുപ്രധാന പദവിയിലേക്ക് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെ ചുമതലപ്പെടുത്തിയ പാര്‍ട്ടി തീരുമാനം ഏറെ കൈയടിച്ചു സ്വീകരിക്കപ്പെട്ടു. അതേസമയം തീരുമാനം സന്തോഷകരമാണെങ്കില്‍ക്കൂടി ഗണിതശാസ്ത്ര വിദ്യാര്‍ഥിയായ ആര്യയുടെ വിദ്യാഭ്യാസം മുടങ്ങുമോയെന്ന ആശങ്ക പ്രകടിപ്പിക്കുകയാണ്, ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഡോ. ആസാദ്. ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെയെന്നു പറയുന്ന കുറിപ്പിനു താഴെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.

ഡോ. ആസാദിന്റെ കുറിപ്പ്:  

ഇരുപത്തിയൊന്നു വയസ്സുള്ള ഒരു പെണ്‍കുട്ടി തലസ്ഥാന നഗരത്തിലെ മേയറാവുന്നത് സന്തോഷകരമാണ്. ചരിത്രപ്രധാനമാണ് ഈ തീരുമാനം. എന്നാല്‍ ഒരു സന്ദേഹം ബാക്കി നില്‍ക്കുന്നു.
ആര്യാ രാജേന്ദ്രനെ അഭിനന്ദിച്ചും ആശംസ നേര്‍ന്നും മാത്രമേ തുടങ്ങാനാവൂ. അതിവിടെ പ്രകാശിപ്പിക്കുന്നു. സി പി എമ്മിന് ഇത്ര വലിയ ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍ തോന്നിയ വിശ്വാസം തന്നെയാണ് ആര്യയുടെ തിളക്കം. ആര്യക്ക് അഭിവാദ്യം.
ആര്യ തിരുവനന്തപുരത്തെഒരു കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണെന്നു കേട്ടു. ഗണിതശാസ്ത്രമാണത്രെ വിഷയം. നഗരാദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയുമോ? രണ്ടു പ്രധാന കാര്യങ്ങള്‍ ഒരുമിച്ചു നടത്തുക എളുപ്പമാവില്ല. മേയര്‍ പദവിയുടെ ഉത്തരവാദിത്തം ചെറുതല്ലല്ലോ. ഏതെങ്കിലും ഒന്ന് പൂര്‍ണ ഉത്തരവാദിത്തമായി തെരഞ്ഞെടുക്കുന്നതല്ലേ നല്ലത്?
വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ തൊഴില്‍ നില നിര്‍ത്തിക്കൊണ്ട് ഇത്തരം ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് കേട്ടിട്ടുണ്ട്. അതു നല്ല കാര്യമാണ്. പക്ഷെ, നമ്മുടെ നാട്ടില്‍ ഇത്തരം പദവികളുടെ ഭാരം ഓഫീസ് സമയ പരിധിയില്‍ അവസാനിക്കാറില്ല. ഒട്ടും സമയം ബാക്കി കിട്ടിയെന്നു വരില്ല. അക്കാര്യം അറിയാവുന്നവരാണ് നേതാക്കളെല്ലാം. അപ്പോള്‍ ആര്യയുടെ ബിരുദ പഠനം താല്‍ക്കാലികമായി അവസാനിപ്പിക്കുന്ന തീരുമാനമാവുമോ ഇത്?
ബിരുദപഠനത്തെക്കാള്‍ പ്രധാനമാണ് പാര്‍ട്ടി ഏല്‍പ്പിച്ച മേയര്‍ പദവിയെങ്കില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. അത് ആര്യയുടെ തീരുമാനമാണ്. രാഷ്ട്രീയം തൊഴിലാവുന്നത് നല്ലതല്ലല്ലോ. ബിരുദം നേടാനും തുടര്‍സാദ്ധ്യത ഉറപ്പു വരുത്താനും ഈ സമയം പ്രധാനമല്ലേ? മേയര്‍ പദവിക്ക് വേറെയും യോഗ്യരില്ലാതെ വരില്ല. ആര്യക്ക് അവസരം ഇനിയും വരാമല്ലോ. 
ഇങ്ങനെ എഴുതുമ്പോള്‍ സത്യമായും ഞാന്‍ എന്തിന് ഇങ്ങനെ ചിന്തിക്കുന്നുവെന്ന സന്ദേഹം എനിക്കുമുണ്ട്. ആര്യയെ എനിക്കു പരിചയമില്ല. പക്ഷെ അവരുടെ വിദ്യാഭ്യാസ ജീവിതത്തിനും ഭാവിക്കും പുതിയ ബാദ്ധ്യത ഗുണപരമാവുമോ എന്ന് ആലോചിച്ചു പോകുന്നു. തല്‍ക്കാലം കുറച്ചു മാസം മാത്രമുള്ള ചുമതലയാണെങ്കില്‍ തെറ്റില്ല. അഞ്ചു വര്‍ഷത്തേക്കാണെങ്കില്‍ ബിരുദം പാതിയില്‍ മുടങ്ങിയ നഷ്ടബോധത്തിലേക്ക് നിരാശയോടെ ഇറങ്ങാന്‍ ഇടവരാതിരിക്കട്ടെ.
'തൊഴില്‍ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച യുവാവിന്റെ ചിന്തകള്‍' പതിനെട്ടാം വയസ്സില്‍ എഴുതുമ്പോള്‍ തികഞ്ഞ രാഷ്ട്രീയ അവബോധം പ്രകടിപ്പിച്ച ആചാര്യരുടെ പ്രസ്ഥാനമാണ്. ഇരുപത്തിയൊന്നാം വയസ്സില്‍ ആ തീര്‍ച്ച ആര്യയ്ക്കും കാണാതിരിക്കില്ല. ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ഏതായാലും വിജയിക്കട്ടെ. അനുമോദനങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക