കേരളം

ബജറ്റ് മുന്നോട്ട് വയ്ക്കുന്നത് ധീരമായ ബദൽ; തോമസ് ഐസക്കിനെ പിന്തുണച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

സാമ്പത്തിക മാന്ദ്യവും കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികൂല നിലപാടും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കിടയിലും കേരളം ധീരമായി മുന്നോട്ട് വെക്കുന്ന ബദലാണ് ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദല്‍ നയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനും ബജറ്റിന് സാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് മുഖ്യമന്ത്രി ബജറ്റിനെ പ്രശംസിച്ചത്.

കൃഷി, സ്ത്രീ ശാക്തീകരണം എന്നിവക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നീക്കിയിരിപ്പാണ് നല്‍കിയിരിക്കുന്നത്. അതേസമയം കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി നല്‍കിയതിനെക്കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ല.

കുറിപ്പിന്റെ പൂർണ രൂപം

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ബദല്‍ നയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കാനും കഴിയുന്നതാണ് 2020-21 വര്‍ഷത്തെ കേരള ബജറ്റ്.

മൂന്നരവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഉറപ്പിച്ച് കാര്‍ഷിക- വ്യവസായ -ആരോഗ്യ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. സാമൂഹ്യ മേഖലകളിലെ വികസനം സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടു പോവുകയാണ്. വനിത-ശിശു-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള വര്‍ധിച്ച വകയിരുത്തലുകളും വയോജന ക്ഷേമത്തിനുള്ള നിര്‍ദേശങ്ങളും അതാണ് സൂചിപ്പിക്കുന്നത്.

രാജ്യത്തെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യവും കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന പ്രതികൂല നിലപാടും കണക്കിലെടുക്കുമ്പോഴാണ് സംസ്ഥാന ബജറ്റ് മുന്നോട്ടു വയ്ക്കുന്ന ധീരമായ ബദല്‍ സമീപനവും ജനപക്ഷ നയവും കൂടുതല്‍ തെളിയുക. തുടര്‍ച്ചയായി രണ്ടു പ്രളയം നേരിട്ട സംസ്ഥാനമായിട്ടും കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു. നികുതി വിഹിതവും കുറച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ധനസഹായം ഭീമമായ കുടിശ്ശികയായി നില്‍ക്കുന്നു. സാമ്പത്തിക മാന്ദ്യം കാരണം സംസ്ഥാനത്തിന്റെ നികുതി വരുമാനവും ഇടിഞ്ഞു. ഇത്രയും പ്രതികൂല സാഹചര്യത്തില്‍ നിന്നു കൊണ്ടാണ് വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകുന്നത്.

തീരദേശ പാക്കേജും കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകളും സാമൂഹിക അസമത്വവും വികസനത്തിലെ അസന്തുലിതാ വസ്ഥയും കുറയ്ക്കാനും കാര്‍ഷിക - മത്സ്യബന്ധന മേഖലകളില്‍ വലിയ ഉണര്‍വുണ്ടാക്കാനും സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് മുമ്പൊരു കാലത്തുമില്ലാത്ത പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കൃഷി ആദായകര മാക്കാനും യുവാക്കളെയടക്കം കൃഷിയിലേക്ക് ആകര്‍ഷിക്കാനും കഴിയുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. അതോടൊപ്പം പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ കയ്യൊഴിയുമ്പോള്‍, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് താങ്ങായി നില്‍ക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് കൂടുതല്‍ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പ്രവാസി ക്ഷേമത്തിനും തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിനും മുന്‍ഗണന നല്‍കാന്‍ ബജറ്റ് ശ്രമിച്ചിട്ടുണ്ട്. പ്രവാസികള്‍ക്കുള്ള വിഹിതവും ഗണ്യമായി വര്‍ധിപ്പിച്ചു.

സ്ത്രീ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും കരുതലും ഈ ബജറ്റിലും നല്ല നിലയില്‍ പ്രതിഫലിക്കുന്നുണ്ട്. പദ്ധതി അടങ്കലിന്റെ 18.4 ശതമാനമാണ് സ്ത്രീ ക്ഷേമത്തിന് നീക്കി വെച്ചത്. കഴിഞ്ഞവര്‍ഷം അതു 11.5 ശതമാനമായിരുന്നു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉപജീവന പദ്ധതികള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് കുടുംബശ്രീക്ക് ഉയര്‍ന്ന വിഹിതം വകയിരുത്തിയതില്‍ നിന്ന് വ്യക്തമാകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. ഈ രീതിയില്‍ എല്ലാ രംഗത്തും സര്‍ക്കാരിന്റെ ബദല്‍ നയങ്ങളും ജനപക്ഷസമീപനവും ബജറ്റില്‍ നിന്ന് വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?