കേരളം

പെരിയാറിലെ യുവതിയുടെ മൃതദേഹം : കയറും പുതപ്പും വാങ്ങിയത് കളമശേരിയിൽ നിന്ന് ; കൊലയാളി ആര് ?, ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പെരിയാറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ആലുവ യുസി കോളജിനു താഴെ കടൂപ്പാടം വിൻസൻഷ്യൻ വിദ്യാഭവൻ കടവിൽ, പുതപ്പിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കയർ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയിൽ 2019 ഫെബ്രുവരി 11നാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് നാലുദിവസം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയത്. ലോക്കൽ പൊലീസ്  ഒരു വർഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ റൂറൽ എസ്പി ശുപാർശ ചെയ്യുകയായിരുന്നു.

വൈകിട്ട് പുഴയിൽ കുളിക്കാനെത്തിയ വൈദിക വിദ്യാർഥികളാണ് മൃതദേഹം ആദ്യം കണ്ടത്. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയിൽ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളിൽ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. ഇളംപച്ച ത്രീഫോർത്ത് ലോവറും കരിനീല ടോപ്പുമായിരുന്നു വേഷം. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാർ ബോട്ടം വായിൽ തിരുകിവച്ചിരുന്നു. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് മൃതദേഹത്തിൽ കെട്ടിത്തൂക്കിയിരുന്നത്. ഉള്ളിൽ വായു രൂപപ്പെട്ടതിനാൽ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോകാതിരുന്നതാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്.   

സംഭവത്തിനു പിന്നിൽ മധ്യവയസ്കരായ സ്ത്രീയും പുരുഷനുമാണെന്ന് രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയൻ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ രണ്ടു കടകളിൽ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാർ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നൽകിയ വിവരങ്ങളുമാണ് കട കണ്ടെത്താൻ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്പർ വ്യക്തമായിരുന്നില്ല.

കൊല്ലപ്പെട്ടതു വടക്കുകിഴക്കൻ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക പ്രത്യേകതകൾ, മുടിയുടെ സ്വഭാവം, നഖങ്ങളിലെ പോളിഷ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കാണാതായ യുവതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ചൈനീസ് റസ്റ്ററന്റുകൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം ചിത്രങ്ങൾ വച്ച് യുവതിയുടെ രേഖാചിത്രം തയാറാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ലോക്കൽ പൊലീസിന് കാര്യമായ തെളിവൊന്നും ലഭിക്കാതെ വഴിമുട്ടിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു