കേരളം

'കലാകാരന്മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുത്', സര്‍ക്കാര്‍ അന്വേഷിക്കണം: ആഷിക് അബുവിനെതിരെ ഹൈബി ഈഡന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് സംവിധായകന്‍ ആഷിക് അബുവിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത നിശക്കെതിരെയുളള ആരോപണങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പ്രളയ ഫണ്ട് സ്വരൂപിക്കാന്‍ എന്ന പേരില്‍ നടത്തിയ സംഗീത നിശ വഴി പിരിഞ്ഞുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ല എന്ന ആരോപണം ഉന്നയിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതുസംബന്ധിച്ച വിവരാവകാശ രേഖ സഹിതം ഫെയ്‌സ്ബുക്കിലൂടെയാണ് സന്ദീപ് വാര്യര്‍ പോര്‍മുഖം തുറന്നത്.

സംഭവത്തില്‍ വിശദീകരണവുമായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. ചിലവായ പണം പോലും പരിപാടി നടത്തിയതിലൂടെ ലഭിച്ചില്ല എന്നതാണ് പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാത്തതിന് കാരണമെന്നായിരുന്നു വിശദീകരണം. എന്നാല്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വാദങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ എറണാകുളം എംപി ഹൈബി ഈഡന്‍. 

'ആഷിക് അബു ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. അതല്ലെങ്കില്‍ ആ പരിപാടിയില്‍ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണം. ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സിപിഎം നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവര്‍ത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങള്‍ അറിയട്ടെ.'- ഹൈബി ഈഡന്‍ കുറിച്ചു.

ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


രണ്ടായിരത്തി പതിനെട്ടിന് ഉണ്ടായ പ്രളയത്തിന് ദുരിതാശ്വാസത്തിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ സംഗീത നിശയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തില്‍ നാട് മുഴുവന്‍ വിറങ്ങലിച്ചു നിന്നപ്പോള്‍, പ്രതിഫലം പോലും കൈപറ്റാതെ സദുദ്ദേശ്യത്തോടെ ഒട്ടേറെ കലാകാരന്മാര്‍ ചെയ്ത ഒരു സദ്പ്രവര്‍ത്തിയെ, ആരോപണങ്ങള്‍ക്ക് വ്യക്തത വരാതെ വിമര്‍ശിക്കരുത് എന്ന് കരുതിയാണ് രണ്ടു ദിവസം പ്രതികരിക്കാതിരുന്നത്. എന്നാല്‍ വിവരാവകാശ രേഖയുള്‍പ്പടെ ഈ ആരോപണം പുറത്തു വന്നു ദിവസങ്ങളായിട്ടും, ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്ന് ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഇല്ലായെന്നത് ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ ആഷിക് അബു ആണ് ഈ പരിപാടി സംവിധാനം ചെയ്തത്. ഈ പരിപാടിക്കായി കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ നല്‍കിയത് സൗജന്യമായാണ്, പങ്കെടുത്ത കലാകാരന്‍മാര്‍ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത നിശയ്ക്കു ശേഷം ആഷിക് അബു ഈ പരിപാടി വന്‍വിജയമായിരുന്നു എന്നും അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ശ്രീ. ബിജിബാല്‍ ഇപ്പോള്‍ പറയുന്ന കണക്കുകള്‍ നേരത്തെ ഇതിന്റെ സംഘാടകര്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വച്ചിരുന്നുമില്ല. ചുരുക്കി പറഞ്ഞാല്‍ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്.

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ എറണാകുളം എം.എല്‍.എ. യായിരുന്നു. തൊട്ടടുത്ത പറവൂര്‍, ആലുവ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍, എല്ലാം നഷ്ടപ്പെട്ട ഒരു ജനസമൂഹം അന്യന്റെ ദുരിതത്തോട് ഐക്യപ്പെട്ട് അവരില്‍ ഒന്നായി മാറി നടത്തിയ കരുണയോടുള്ള പ്രവര്‍ത്തനം മനസ്സ് നിറഞ്ഞു കണ്ടു അനുഭവപ്പെട്ടവനാണ്. വീട്ടുവേല ചെയ്തു ജീവിക്കുന്നവര്‍, ലോട്ടറി വില്‍പനക്കാര്‍ എന്ന് വേണ്ട പിഞ്ചു കുഞ്ഞുങ്ങള്‍ പോലും അവരുടെ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകള്‍ സംഭാവനയായി നല്‍കുന്ന കഥകള്‍ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. ആ സമൂഹത്തിലാണ് ഒരു വരേണ്യ വര്‍ഗ്ഗം മനുഷ്യന്റെ സാഹോദര്യത്തെയും കരുണയയെയും ഒറ്റുകൊടുത്തിരിക്കുന്നത്. ആഷിക് അബു ഇത് സംബന്ധിച്ചു വ്യക്തമായ കണക്കുകള്‍ പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കണം. അതല്ലെങ്കില്‍ ആ പരിപാടിയില്‍ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാര്‍ത്ഥമായി പങ്കു ചേര്‍ന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ ഈ സംഭവത്തില്‍ അന്വേഷണം നടത്തണം. ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സി.പി.എം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവര്‍ത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങള്‍ അറിയട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ