കേരളം

'നാടറിയുന്ന കള്ളിയാക്കി മാറ്റുമെന്ന് ഭീഷണി'; വീട്ടിലേക്ക് രഹസ്യമായി വരാമെന്ന് യുവതി; പിന്നീട് സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരത്ത് കവര്‍ച്ച ആരോപിച്ച് പൂട്ടിയിട്ട യുവതി. മരുന്ന് കഴിച്ച് തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ചതായും യുവതി പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് മോഷണക്കുറ്റമാരോപിച്ച് യുവതിയെ പൂട്ടിയിട്ടത്. സംഭവത്തില്‍ ഷോപ്പ് നടത്തിപ്പുകാരനുള്‍പ്പെടെ അറസ്്റ്റിലാവുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.

സംഭവത്തെ പറ്റി യുവതി പറയുന്നത്. മകനെ അംഗനവാടിയിലാക്കി വരുമ്പോഴാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയത്. അവിടെ നിന്നും സാധനങ്ങള്‍ വാങ്ങി ബില്ല് നല്‍കി വരുമ്പോള്‍ ജീവനക്കാര്‍ മുളകിന്റെ ബില്ലടച്ചിട്ടില്ലെന്ന് പറഞ്ഞ് അകത്തേക്ക് വിളിക്കുകയായിരുന്നു. നിങ്ങള്‍ മുളക് പാക്കറ്റ് മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവര്‍ തന്റെ മൊബൈല്‍ ഫോണും ബാഗും വാങ്ങിവെച്ചു. നിങ്ങള്‍ മുന്‍പും പലതവണ ഇവിടെ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായും സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും പറഞ്ഞതായും യുവതി പറയുന്നു.

ഒരിക്കല്‍ പോലും താന്‍ ഇവിടെനിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ചില കാര്യങ്ങള്‍ വെള്ളക്കടലാസില്‍ എഴുതിതന്നാല്‍ വിടാമെന്ന് പറഞ്ഞു. എന്തിനാണ് എഴുതി തരുന്നതെന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ചെയ്തില്ലെങ്കില്‍ നിന്റെ ഫോട്ടോ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഇടുമെന്ന് നിന്നെ നാടറിയുന്ന കള്ളിയാക്കിമാറ്റുമെന്നും പറഞ്ഞു. അല്ലെങ്കില്‍ 20,000 രൂപ നല്‍കണമെന്നായി. എന്റെ കൈയില്‍ കാശില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഒരു ദിവസം മുഴുവന്‍ ഇവിടെ ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞു. അതിനിടെ ഫോണിനായി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തരാന്‍ തയ്യാറായില്ലെന്നും യുവതി പറയുന്നു.

ഉച്ചയായതോടെ മക്കള്‍ സ്‌കൂളില്‍ നിന്നും വരുമെന്നും വീട്ടില്‍ ആരുമില്ലെന്നും തന്നെ വിടണമെന്നും ആവശ്യപ്പെട്ടപ്പോള്‍ കാശ് തരാന്‍ ഇല്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായി വരണമെന്ന് പറഞ്ഞു. രക്ഷപ്പെടാനായി താന്‍ അത് സമ്മതിച്ചതായും യുവതി പറയുന്നു.അതിനിടെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഒരാളോട് ഫോണ്‍ വാങ്ങി ഭര്‍ത്താവിനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയതിന് ശേഷമാണ് അവര്‍ തന്നെ പുറത്തുവിട്ടത്. എന്നാല്‍ പുറകുവശത്തുകൂടി മാത്രമെ പോകാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒടുവില്‍ ഏറെ അപമാനിതയായി എങ്ങനെയൊക്കയോ പുറത്തെത്തുകയായിരുന്നെന്ന് യുവതി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു