കേരളം

അരഞ്ഞാണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിന്റെ പക : നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന ബന്ധു ഷൈലജയ്ക്ക് ജീവപര്യന്തം തടവ് , 50,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : പുതുക്കാട് പാഴായിയില്‍ നാലുവയസ്സുകാരി മേബ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുവായ പ്രതിയായ ഷൈലജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. അമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.

2016 ഒക്ടോബര്‍ 13നായിരുന്നു രഞ്ജിത്തിന്റെയും നീഷ്മയുടെയും മകളായ നാലുവയസ്സുകാരി മേബ കൊല്ലപ്പെടുന്നത്. വീട്ടില്‍ മരണാനന്തര ചടങ്ങ് നടക്കുന്നതിനിടെ മേബ അപ്രത്യക്ഷമാകുകയായിരുന്നു. അവസാനം കുഞ്ഞിനെ കണ്ടത് ബന്ധുവായ ഷൈലജയോടൊപ്പമാണെന്ന വെളിപ്പെടുത്തലാണ് നിര്‍ണായകമായത്. വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ബംഗാളികള്‍ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഷൈലജയുടെ വിശദീകരണം. മൃതദേഹം പുഴയില്‍ പൊന്തിയപ്പോഴാണ് ദുരന്തം നാടറിയുന്നത്. ഷൈലജയുടെ വിശദീകരണത്തില്‍ പന്തികേടു തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തുവന്നത്.

മേബയുടെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന് ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. കട്ടത് ഷൈലജയാണെന്ന് കുടുംബാംഗങ്ങള്‍ സംശയിച്ചു. അതോടെ കുടുംബ വീട്ടില്‍ കയറരുതെന്ന വിലക്കും വന്നു. ഇതു ഷൈലജയുടെ മനസില്‍ പകയായി. ബന്ധു മരിച്ചതിന്റെ പേരിലാണ് പിന്നീട് ഷൈലജ ഈ വീട്ടിലെത്തുന്നത്.

മേബയുടെ മാതാപിതാക്കളെ കണ്ടതോടെ പക വീണ്ടും ഉണര്‍ന്നു. അങ്ങനെയാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനു ശേഷം, ആരുമറിയാതെ കുട്ടിയെ വീടിന് പിന്നിലെ പുഴയുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞു. തൊട്ടുപിന്നാലെ, അമ്മ നീഷ്മ ഷൈലജയുടെ അടുത്തെത്തി കുഞ്ഞിനെ തിരക്കിയപ്പോള്‍ ബംഗാളികള്‍ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടെന്നായിരുന്നു പറഞ്ഞത്.

അനാശാസ്യത്തിന്റെ പേരില്‍ ഷൈലജയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെയായി. അനാശാസ്യത്തിന്റെ കാര്യം നാട്ടില്‍ പറഞ്ഞു പരത്തിയത് മേബയുടെ അമ്മയും വീട്ടുകാരുമാണെന്നും ഷൈലജ വിശ്വസിച്ചു. ഈ പകയും കൊലപാതകത്തിനു പ്രേരണയായി. പൊലീസിനു മുന്‍പില്‍ ആദ്യം കുറ്റം സമ്മതിച്ച പ്രതി പിന്നീട് കോടതിയില്‍ നിരപരാധിയാണെന്ന് പറഞ്ഞു.

മേബയുടെ അച്ഛനും അമ്മയും ഓസ്‌ട്രേലിയയില്‍ ജോലിക്കാരാണ്. ഇരുവര്‍ക്കും, നാട്ടില്‍ വരാന്‍ അവധി കിട്ടിയില്ല. എഫ്‌ഐആറില്‍ ആദ്യ മൊഴി നല്‍കിയ, കേസിലെ പ്രധാന സാക്ഷി കൂടിയായ കുട്ടിയുടെ അച്ഛന്‍ രഞ്ജിത്തിനെ വിസ്തരിക്കേണ്ടതു പ്രോസിക്യൂഷന്റെ ആവശ്യമായിരുന്നു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ എംബസി ഓഫിസിലിരുന്ന് രഞ്ജിത് തൃശൂരിലെ ജഡ്ജിക്കു മൊഴിനല്‍കുകയായിരുന്നു. മേബയെ പുഴയില്‍ എറിയുന്നതിന് സാക്ഷികളില്ലായിരുന്നു. ഇതോടെ നിയമപരമായി കുറ്റം തെളിയിക്കാന്‍ 'ലാസ്റ്റ് സീന്‍ തിയറി' എന്ന അടവ് പ്രോസിക്യൂഷന്‍ പയറ്റിയത്. ഷൈലജയുടെ ബന്ധുക്കളും മറ്റു സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍