കേരളം

'കുടുംബം തകര്‍ത്തല്ലോടാ...' കാമുകനു നേരെ ആക്രോശവുമായി ചീറിയടുത്ത് പ്രണവ് ; തന്നെ വരുതിയിലാക്കിയത്  ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയെന്ന് ശരണ്യ, കൂടുതല്‍ വെളിപ്പെടുത്തലുകള്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസ്സുകാരന്‍ വിയാനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുടെയും കാമുകന്‍ നിധിന്റെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തി. ഇതേത്തുടര്‍ന്ന് കാമുകന്‍ നിധിനെ ചൊവ്വാഴ്ച വീണ്ടും പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. കാമുകന്റെയും ശരണ്യയുടെയും മൊഴികള്‍ ഒത്തുനോക്കി വീണ്ടും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

വിയാനെ കൊലപ്പെടുത്തിയത് കാമുകന്റെ പ്രേരണയിലാണെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു. ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് നിധിന്‍ തന്നെ വരുതിയിലാക്കിയതെന്നും ശരണ്യ അന്വേഷണസംഘത്തിന് മൊഴി നല്‍കി. കാമുകന്‍ തന്നോട് പണവും സ്വര്‍ണവും ആവശ്യപ്പെട്ടിരുന്നു. നിധിന്‍ നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചതെന്നും ശരണ്യ വെളിപ്പെടുത്തി.

ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിധിനെ പൊലീസ് അഞ്ചു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലാണ് ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയത്. കൊലപാതകത്തിന് തലേന്ന് രാത്രി ഒരുമണിയ്ക്ക് ശരണ്യയുടെ വീടിന് സമീപത്തെത്തിയത്, ലോണ്‍ എടുക്കുന്നതിനുള്ള രേഖകള്‍ നല്‍കുന്നതിന് വേണ്ടിയാണെന്നാണ് കാമുകന്‍ പൊലീസിനോട് പറഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. ഈ മൊഴികള്‍ പൊലീസ് പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല.

ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഈ മാസം 29 വരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ കൊലപാതകത്തില്‍ കാമുകന്റെ പങ്ക് കൂടുതല്‍ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. കാമുകനെ അറസ്റ്റ് ചെയ്യാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകത്തില്‍ കാമുകനും പങ്കുള്ളതായി നാട്ടുകാരും ആരോപിക്കുന്നുണ്ട്.

ശരണ്യയുടെ ഭര്‍ത്താവ് പ്രണവും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്ന് പറഞ്ഞ് ശരണ്യ പൊട്ടിക്കരഞ്ഞു. കുടുംബം തകര്‍ത്തല്ലോടാ എന്നു പറഞ്ഞ് സ്റ്റേഷനില്‍ വെച്ച് കാമുകനുനേരെ പ്രണവ് ആക്രോശിച്ച് പാഞ്ഞടുക്കുകയും ചെയ്തു. പൊലീസുകാരും സുഹൃത്തുക്കളും തടഞ്ഞതോടെയാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. കണ്ണൂര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സതീശന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍