കേരളം

എറണാകുളം മാര്‍ക്കറ്റിന് ആശ്വാസം; 127 പരിശോധനാ ഫലം നെഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  വ്യാപാരികള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ നിന്ന എറണാകുളം മാര്‍ക്കറ്റിന് ആശ്വാസം നല്‍കുന്ന പരിശോധനാ ഫലം പുറത്ത്. ഇലക്ട്രിക്കല്‍ സ്ഥാപനത്തിലെ ജോലിക്കാരനും തുടര്‍ന്ന് സമ്പര്‍ക്കത്തിലൂടെ മറ്റു ചിലര്‍ക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ജില്ലയില്‍ ആശങ്ക ഉയര്‍ന്നിരുന്നു.

എറണാകുളം മാര്‍ക്കറ്റിലെ 135 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ ഇതേവരെ ഫലം ലഭിച്ച 127 എണ്ണവും നെഗറ്റീവ് ആണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കോവിഡ് രോഗബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. നിലവില്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ല. എറണാകുളം മാര്‍ക്കറ്റില്‍ നിന്നുള്ളവരുടെ സ്രവ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയി വരുന്നത് ആശ്വാസകരമാണ്. 

കോവിഡ് രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതിരുന്നവരില്‍ രണ്ടു രോഗികളുടെ ഉറവിടം സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുണ്ട്. ഇത് ഉടന്‍ സ്ഥിരീകരിക്കുമെന്നും മറ്റ് രോഗികളുടെയും രോഗ ഉറവിടം ഉടന്‍ കണ്ടെത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി. 

സാമൂഹിക വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ എട്ട് ഡിവിഷനുകള്‍ അടച്ചു. മാര്‍ക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.  അതിനിടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്.

കളമശേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള തോപ്പുംപടി സ്വദേശിയായ 66 കാരന്റെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഇദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ ന്യൂമോണിയ ബാധിക്കുകയും, വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു