കേരളം

വസ്ത്ര വ്യാപാരത്തിന്റെ മറവില്‍ സ്വര്‍ണക്കടത്ത്?; കൊടുവളളിയില്‍ റെയ്ഡ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വസ്ത്ര വില്‍പ്പനയുടെ മറവില്‍ സ്വര്‍ണം കടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കളളക്കടത്ത് കേസില്‍ ആരോപണവിധേയനായ സന്ദീപ് നായരുമായി വസ്ത്ര വ്യാപാരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

വാഹനങ്ങളുടെ സര്‍വീസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സന്ദീപ് നായര്‍ തുടങ്ങിയ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വസ്ത്ര വ്യാപാരി പങ്കെടുത്തിരുന്നു. കൂടാതെ സന്ദീപുമായി ചേര്‍ന്ന് നിരവധി സാമ്പത്തിക ഇടപാടുകള്‍ ഇയാള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുളള അടുപ്പത്തിന്റെ വെളിച്ചത്തിലാണ് കൊടുവളളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്. 

കളളക്കടത്ത് കേസില്‍ പിടിയിലായ സരിത്തിന്റെ ആദ്യ കോള്‍ പോയത് ഈ വ്യാപാരിക്ക് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ കളളക്കടത്തുമായി ബന്ധിപ്പിക്കുന്ന നിരവധി കണ്ണികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ്. അതിനിടെ യുഎഇ കോണ്‍സുല്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താന്‍ ഡിപ്ലാമോറ്റിക് കാര്‍ഗോയെപ്പറ്റി അന്വേഷിക്കാനെത്തിയതെന്ന് സ്വപ്‌ന സുരേഷ് പറയുന്നു. സ്വര്‍ണ്ണക്കടത്തുകേസില്‍ താന്‍ നിരപരാധിയാണ്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറയുന്നു.

കോവിഡ് കാലമായതിനാല്‍ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സല്‍ വൈകി. ഇക്കാര്യം അന്വേഷിക്കാന്‍ ജൂണ്‍ 30 ന് തന്നോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അക്കാര്യം അന്വേഷിച്ചതെന്നും സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതെന്നും സ്വപ്‌ന വ്യക്തമാക്കി.

താന്‍ ഇപ്പോഴും യുഎഇ കോണ്‍സുലേറ്റിലെ താല്‍ക്കാലിക ജോലിക്കാരിയാണ്. കോണ്‍സുലേറ്റില്‍ നിന്നും പോന്നശേഷവും തന്റെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യപ്പെടുന്നത് അനുസരിച്ച് താന്‍ ഇപ്പോഴും ജോലി ചെയ്തുകൊടുക്കുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ സ്വപ്ന വ്യക്തമാക്കുന്നു.

കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് നയതന്ത്ര പാഴ്‌സല്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടത്. പിന്നീട് കോണ്‍സുല്‍ ജനറല്‍ നേരിട്ടെത്തി. പാഴ്‌സല്‍ തന്റേതെന്ന് സമ്മതിച്ചു. ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തയാളാണ് താന്‍. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും വെളിപ്പെടുത്താനില്ല.

തന്റെ യോഗ്യത സംബന്ധിച്ച കത്ത് വ്യാജമല്ല. കോണ്‍സല്‍ ജനറലിന്റെ സാക്ഷ്യപത്രം വ്യാജമല്ല. ഇപ്പോള്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. കേസന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ