കേരളം

മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസും ; ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് ; ഫ്‌ലാറ്റിലും ഓഫീസിലും റെയ്ഡ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ മുഖ്യ ആസൂത്രകര്‍ സന്ദീപ് നായരും റമീസുമെന്ന് കസ്റ്റംസ്. സ്വര്‍ണക്കടത്തിന് പണം മുടക്കുന്നവരെ കണ്ടെത്തുന്നത് ജലാലും സന്ദീപും റമീസുമാണ്. കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം വില്‍ക്കുന്നതും പണം മുടക്കിയവര്‍ക്ക് ലാഭവിഹിതം നല്‍കുന്നതും ജലാലാണ് എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

സ്വര്‍ണത്തിന് ആവശ്യക്കാരെ കണ്ടെത്തുന്നതും, താഴേത്തട്ടില്‍ വിതരണം ചെയ്യുന്നതും ജലാലാണ്. കേസില്‍ പിടിയിലായ അംജത് അലിയും മുഹമ്മദ് ഷാഫിയും സ്വര്‍ണക്കടത്തിന് പണം മുടക്കിയവരില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച അംജത് അലിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു.

അതേസമയം കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ശിവശങ്കരനില്‍ നിന്ന് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. പ്രതികള്‍ക്ക് ഫ്‌ലാറ്റ് എടുത്തുനല്‍കിയത് എന്തിനാണ് എന്നതടക്കമുള്ള  സുപ്രധാന വിവരങ്ങള്‍ അറിയണമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഇന്നലെ പത്തുമണിക്കൂറോളമാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. സ്വപ്‌നയും സരിത്തും സന്ദീപുമായി സൗഹൃദമുണ്ടെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്വപ്‌ന അടുത്ത സുഹൃത്താണ്. ഇവര്‍ വഴിയാണ് മറ്റുപ്രതികളുമായി പരിചയപ്പെട്ടത്. എന്നാല്‍ താന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും ശിവശങ്കര്‍ മൊഴി നല്‍കി.

സരിത്തിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സരിത്തിന്റെ മൊഴിയിലെ ചില കാര്യങ്ങളോട് ശിവശങ്കര്‍ പ്രതികരിച്ചില്ലെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന ജോലി ചെയ്തിരുന്നത് ഇതിന് കീഴിലാണ്. ഐ ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ കെ എസ് ഐ ടി ഐ എല്‍ ചെയര്‍മാനായിരുന്നു. ഇവിടെ നിന്നും സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തു. കൂടാതെ ശിവശങ്കറിന്റെ ഫ്‌ലാറ്റിലും കസ്റ്റംസ് പരിശോധന നടത്തി. പ്രതികള്‍ പലതവണ ഫ്‌ലാറ്റില്‍ ഒത്തുചേര്‍ന്നിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തെളിവുകള്‍ കണ്ടെടുക്കുക കൂടി ലക്ഷ്യമിട്ടാണ് പരിശോധന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്