കേരളം

എറണാകുളത്തും ആലപ്പുഴയിലും പുതിയ ക്ലസ്റ്ററുകള്‍ ? ; മൂന്നുദിവസത്തിനിടെ 97 പേര്‍ക്ക് രോഗം, ആകെ രോഗബാധിതര്‍ 170 ; ചെല്ലാനം കൊച്ചിയിലെ പൂന്തുറയോയെന്ന് ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം വന്‍തോതില്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി. തിരുവനന്തപുരത്തെ തീരമേഖലകളില്‍ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തീരദേശത്ത് രണ്ടാഴ്ച സമ്പൂര്‍ണ് ലോക്ക്ഡൗണ്‍ നടപ്പാക്കാനാണ് ആലോചന. കേരളവും അടിയന്തരഘട്ടത്തിലേക്കു കടക്കുകയാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. 

എറണാകുളത്തും സ്ഥിതി രൂക്ഷമാണ്. ജില്ലയില്‍ ചെല്ലാനം, ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിലെല്ലാം രോഗവ്യാപനം രൂക്ഷമാണ്. ചെല്ലാനം ക്ലസ്റ്ററില്‍ പുതുതായി 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുദിവസം കൊണ്ട് 97 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ചെല്ലാനത്ത് മാത്രം കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 170 ആയി. 

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. എങ്കിലും രോഗബാധ പുറത്തേക്ക് പടരുമോ എന്ന ആശങ്ക ആരോഗ്യപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്. ചെല്ലാനത്ത് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പൂര്‍ത്തിയായി. ഇതോടെ ഗുരുതരമായ രോഗികളെ മാത്രം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയാല്‍ മതിയെന്നാണ് തീരുമാനം. 

ആലുവയിലും ആലപ്പുഴയിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആലുവയില്‍ പുതുതായി 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുപോലെ തന്നെ കീഴ്മാട് കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുന്നതായും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. എന്നാല്‍ ഇവിടെ ചില കുടുംബങ്ങളില്‍ മാത്രമായി രോഗവ്യാപനം ഒതുങ്ങിയെന്നും, സമൂഹവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്നുമാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 

ആലപ്പുഴയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 57 പേരില്‍ 40 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ആലപ്പുഴയിലെ തുറവൂര്‍, കുത്തിയതോട് തുടങ്ങിയ പ്രദേശങ്ങളിലും രോഗവ്യാപന സാധ്യത വര്‍ധിച്ചു. മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട മേഖലയില്‍ കര്‍ശനമായി സ്ഥിതി നിരീക്ഷിക്കാനാണ് തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം