കേരളം

കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു; പോത്തീസ്, രാമചന്ദ്രാസ് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ലൈസന്‍സ് റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളായ പോത്തീസ് ,രാമചന്ദ്രാസ് എന്നിവയുടെ ലൈസന്‍സ് റദ്ദാക്കി.  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നടപടിയെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു. 

തിരുവനന്തപുരം ജില്ലയില്‍ രോഗബാധിരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഈ രണ്ട് സ്ഥാപനങ്ങളും രോഗവര്‍ധനവിന് കാരണമായ പശ്ചാത്തലത്തിലാണ് നഗരസഭയുടെ നടപടി. കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കരുതെന്ന് പല തവണ നഗരസഭ ആവശ്യപ്പെട്ടിട്ടും അത് തള്ളിക്കളയുന്ന സമീപനമാണ് ഈ വ്യാപാര സ്ഥാപനങ്ങള്‍ സ്വീകരിച്ചത്. രാമചന്ദ്രാസിലെ നൂറ് കണക്കിന് ജീവനക്കാര്‍ രോഗബാധിതരായി. അവിടെ വന്നുപോയവര്‍ക്കും രോഗബാധിതരാവാനുള്ള സാധ്യത വര്‍ധിച്ചു. പോത്തീസിലും സമാനമായ സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയെന്ന് മേയര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

കരുംകുളം പഞ്ചായത്തില്‍ ഇന്നലെ 52 പേരെ പരിശോധിച്ചതില്‍ 22 പേര്‍ക്ക് കോവിഡ് സ്ഥീകരിച്ചു. ഇതില്‍ 12 പേര്‍ ഗര്‍ഭിണികളാണ്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്ന വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നീ വിഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഗര്‍ഭിണികള്‍ ഒഴികെ രോഗം സ്ഥിരീകരിച്ചവര്‍ കുട്ടികളും വയോധികരുമാണ്. ഇവരെ കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ സെന്റര്‍ ഇന്നലെ ആരംഭിച്ചു. 

സമൂഹ വ്യാപനം നടന്ന പുല്ലുവിള ഉള്‍പ്പെടുന്ന കരുംകുളം പഞ്ചായത്തില്‍ കോവിഡ് പരിശോധനകളുടെ (ആന്റിജന്‍) എണ്ണം കുറയ്ക്കുന്നതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. പരിശോധന നടത്തുമ്പോള്‍ നേര്‍ പകുതിയലധികം പേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിവിശേഷമാണിവിടെ കണ്ടത്. ഈ സാഹചര്യത്തില്‍ കോവിഡ് ബാധിതരെ കണ്ടെത്തി മാറ്റി പാര്‍പ്പിക്കണമെന്നും അങ്ങനെ വ്യാപനം തടയണമെന്നുമാണ് ജനത്തിന്റെ ആവശ്യം.

എന്നാല്‍ പകുതിയിലേറെ പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അധികൃതര്‍. പരിശോധന നടത്തി പോസിറ്റീവ് ആണെന്നു കണ്ടെത്തിയാല്‍ അവരെ കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകളിലേക്കു മാറ്റണം. കരുകുളത്ത് 30,000ല്‍ അധികമാണ് ജനസംഖ്യ. ഇതില്‍ പകുതിയോളം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചാല്‍ അവരെ പാര്‍പ്പിക്കുന്നതു പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ഡൗണിലൂടെ വൈറസിന്റെ ചെയിന്‍ പൊട്ടിക്കാമെന്ന പ്രതീക്ഷയിലാണു അധികൃതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ