കേരളം

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം; ഹർജിയുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ ഹർജി നൽകി.  തനിക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ മുളയ്ക്കൽ പരമോന്നത കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. 

നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഫ്രാങ്കോ മുളയ്ക്കൽ പുതിയ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത് തള്ളിയാണ് ഹൈക്കോടതി ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്. 

സമാന ആവശ്യമുന്നയിച്ച് നൽകിയ ഹർജി മാർച്ച് 16 ന് കോട്ടയം അഡീഷനൽ ജില്ല സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇതേ തുടർന്നാണ് പുനഃപരിശോധന ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷി മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കേസിൽ നടപടി തുടരാനുള്ള വസ്തുതകളില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. 

എന്നാൽ പ്രഥമദൃഷ്ട്യാ പീഡന കേസ് നിലനിൽക്കുന്നുണ്ടെന്നും നടപടികൾ വൈകിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നുമായിരുന്നു പ്രോസിക്യുഷൻ വാദം. ഇത് അംഗീകരിച്ചാണ് നേരത്തെ ഹൈക്കോടതി നടപടി എടുത്തത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ മുളയ്ക്കൽ ഇപ്പോൾ സുപ്രീം കോടതിയിൽ ​ഹർജി നൽകിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത