കേരളം

'പുകയിലൂടെ രോഗം പകരുമെന്ന് ബിജെപി കൗണ്‍സിലര്‍ പറഞ്ഞു; എംഎല്‍എയും ഒപ്പം ചേര്‍ന്നു'

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം ബിജെപി കൗണ്‍സിലറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജില്ലാ സെക്രട്ടറി  വി എന്‍ വാസവന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബിജെപി സംസ്ഥാന മേഖല സെക്രട്ടറി കൂടിയായ ടി എന്‍ ഹരികുമാര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അതിന് കൂട്ടുനില്‍ക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. 'മനുഷ്യരാശിയുടെ മുഴുവന്‍ജീവനെടുക്കും വിധം പടര്‍ന്നു പിടിക്കുന്ന മഹാമാരിയുടെകാലത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാന്‍ കൊതിച്ച് കാത്തിരുന്ന ബിജെ പി യുടെ ഹീനമായ രാഷ്ട്രീയമുണ്ടല്ലോ, അതാണ് കൊവിഡിനേക്കാള്‍ വലിയ മഹാമാരി. ആ വിഷം അത് മനസില്‍ നിന്ന് മായാതെ അത്തരക്കാര്‍ക്ക് എങ്ങനെയാണ് ജനങ്ങളെ ഒന്നായികണ്ട് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുക.'- അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

വി എന്‍ വാസവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നലെ വളരെ വൈകിയാണ് വീട്ടില്‍ എത്തിയത്, കോവിഡ് ബാധിച്ച് മരിച്ച ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന തര്‍ക്കങ്ങളും, ഒടുവില്‍ രാത്രി വൈകി അത് സംസ്‌കരിക്കേണ്ടി വന്നതുമാണ് ഞായാഴച്ചയുടെ സമയം ഏറെ അപഹരിച്ചത്.

പാവപ്പെട്ട ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് അവരെ മുന്നില്‍ നിര്‍ത്തി ഒരുസംഘം ബിജെപിക്കാര്‍ നടത്തിയ ഹീനമായ രാഷ്ട്രീയക്കളിയാണ് കോട്ടയത്തിനും കേരളത്തിനും അപമാനമായത്. അതിന് നേതൃത്വം നല്‍കിയ മാന്യദ്ദേഹം കോട്ടയം നഗരസഭയിലെ തിഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൂടിയായായിരുന്നു എന്നതാണ് ഏറെ ദുഖകരം.

മനുഷ്യരാശിയുടെ മുഴുവന്‍ജീവനെടുക്കും വിധം പടര്‍ന്നു പിടിക്കുന്ന മഹാമാരിയുടെകാലത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് അതില്‍ നിന്ന് ഇറ്റുവീഴുന്ന ചോരകുടിക്കാന്‍ കൊതിച്ച് കാത്തിരുന്ന ബിജെപി യുടെ ഹീനമായ രാഷ്ട്രീയമുണ്ടല്ലോ, അതാണ് കൊവിഡിനേക്കാള്‍ വലിയ മഹാമാരി. ആ വിഷം അത് മനസില്‍ നിന്ന് മായാതെ അത്തരക്കാര്‍ക്ക് എങ്ങനെയാണ് ജനങ്ങളെ ഒന്നായികണ്ട് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുക.

കോട്ടയം നഗരസഭയുടെ പൊതുശശ്മാനം മാത്രമല്ല മുട്ടമ്പലത്ത് ഈ പറഞ്ഞഭാഗത്തുള്ളത്. അഞ്ചോളം സംഘടനകളുടെ ശശ്മാനത്തിലേക്കുള്ള വഴികൂടിയാണിത്, അതെല്ലാം മറന്നുകൊണ്ടായിരുന്നു ബിജെപിയുടെ കളി. 56 വീടുകളാണ് ഈ റോഡില്‍ ഉള്ളത്, ഒരിക്കലും ഒരുകാര്യത്തിലും എതിര്‍പ്പ് പ്രകടിപ്പിക്കാതെ കോട്ടയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നിന്നിട്ടുള്ള സാധാരണക്കാരായ ജനങ്ങള്‍, അവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിടുകയായിരുന്നു ടി.എന്‍ ഹരികുമാര്‍. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ചാല്‍ അതില്‍ നിന്ന് ഉയരുന്ന പുകയിലൂടെ രോഗാണുക്കള്‍ സമീപത്തുള്ളവരെ ബാധിക്കും എന്നാണ് ആ പാവങ്ങളോട് പറഞ്ഞത്.

ഈ മാന്യദേഹം പ്രാദേശികനേതാവല്ല, ഇന്ത്യഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന മേഖല സെക്രട്ടറികൂടിയാണ് എന്നതാണ് ദുരന്തം.
തെറ്റിദ്ധരിക്കപ്പെടുന്ന ജനത്തിനെ കാര്യം പറഞ്ഞ് മനസിലാക്കി അവരെ ശരിയായ വഴിയിലേക്ക് കൊണ്ടുവരുന്നവനാകണം യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്‍ എന്ന കാര്യം പോലും ഉറഞ്ഞു തുള്ളിയ ആ ചെറുപ്പക്കാരന് അറിവില്ലായിരുന്നു. എന്റെ വോട്ട് എന്നുപറഞ്ഞ് നില്‍ക്കുകയായിുന്നു അയാള്‍.

ജില്ലാഭരണകൂടത്തിനൊപ്പം ഞങ്ങള്‍ ജനങ്ങളോട് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഇയാള്‍ അത് ഉഴപ്പുകയായിരുന്നു, രാത്രി വൈകി കനത്ത പൊലീസ് ബന്തവസില്‍ മൃതദേഹം അടക്കം ചെയ്ത് അവിടെ നിന്ന് മടങ്ങുമ്പോള്‍ താമസക്കാരില്‍ ചിലരെങ്കിലും സത്യം തിരിച്ചറിഞ്ഞിരുന്നു.

പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ പങ്കാളിയാവേണ്ട കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവിടെ എത്തിയപ്പോള്‍ ബിജെപി കൗണ്‍സിലര്‍ക്കൊപ്പം ചേരുകയായിരുന്നു. ഇതാണ് ഏറെ വേദനാജനകമായത്. നമ്മള്‍ക്ക് ഇവിടെ നിന്ന് സംസ്‌കാരം മാറ്റാം എന്ന തീരുമാനമാണ് അവിടെ ഒരു മുറിയില്‍ ബിജെപിക്കാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം അദ്ദേഹം പ്രഖ്യാപിച്ചത്.

ഇനി കോട്ടയത്ത് കൂടുതല്‍ മരണമുണ്ടായാല്‍ നമ്മള്‍ എന്തു ചെയ്യും എന്നകാര്യം ആലോചിക്കണം എന്ന നിലപാട് ഞാന്‍ സ്വീകരിച്ചപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടാതെ നിന്നു. ഈ വഴിയിലൂടെ തന്നെ മറ്റു സമദായങ്ങളുടെ പൊതുശ്മശാനത്തിലേക്ക് പോവണ്ടേ, ആ കൂട്ടത്തില്‍ ഒരാള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നു ചേര്‍ന്നാല്‍ എന്തു ചെയ്യും തുടങ്ങിയ എന്റെ ചോദ്യങ്ങള്‍ക്ക് എം എല്‍ എയ്ക്ക് ഒന്നും പറയാന്‍ ഇല്ലാതായി.

കോട്ടയം നഗരസഭയില്‍ 35 വര്‍ഷം ജോലി ചെയ്ത വ്യക്തിയുടെ മൃതശരീരമാണ് ആ ശശ്മാനത്തില്‍ അടക്കം ചെയ്യാന്‍ എത്തിച്ചത്. അതിന് മുന്‍ നിരയില്‍ നില്‍ക്കേണ്ട നഗരസഭാ ചെയര്‍മാനും എംഎല്‍എ യുടെ കൂടെ കൂടി രാഷ്ട്രീയം കളിച്ചു.മുട്ടമ്പലത്ത് നടത്തിയ ഹീനമായ മറ്റൊരു പ്രചരണം മരണമടഞ്ഞ വ്യക്തിയെ പള്ളിയില്‍ അടക്കാതെ ഉപേക്ഷിച്ചപ്പോഴാണ് ഇങ്ങോട്ടു കൊണ്ടുവന്നത് എന്നാണ്. പക്ഷെ എന്താണ് യാഥാര്‍ത്ഥ്യം, അദ്ദേഹം ഒരു പ്രാര്‍ത്ഥനാ സഭയില്‍ അംഗമാണ് അവര്‍ക്ക് സ്വന്തമായി സെമിത്തേരി ഇല്ല. ആളുകള്‍ മരണമടയുമ്പോള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു ശ്മശാനത്തിലാണ് അടക്കം ചെയ്യുന്നത്. ഇതെല്ലാം ഔദ്യോഗികമായി നഗരസഭയില്‍ നിന്ന് അറിഞ്ഞതിനുശേഷമാണ് ബി ജെ പി കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയ കാര്‍ഡ് ഇറക്കി നേട്ടം കൊയ്യാന്‍ ശ്രമം നടത്തിയത്. അതിന് കുടപിടിക്കേണ്ട ഗതികേടിലേക്ക് കോട്ടയം എം എല്‍ എയും കൂട്ടരും മാറിയത്.

ഇവരോട് എനിക്ക് പറയാനുള്ള ഒരുകാര്യമാണ്, കണ്ണൂരിലെ കതിരൂരില്‍ കൊവിഡ് ബാധിച്ച മരിച്ച മുഹമദ്ദിന്റെ ഖബറടക്ക ദൗത്യം നിര്‍ഹിച്ചത് ഡി വൈ എഫ് പ്രവര്‍ത്തകരായിരുന്നു. മഹാമാരിയുടെ കാലത്ത് എങ്ങനെയാണ് പൊതുപ്രവര്‍ത്തകരും സംഘടനകളും പ്രവര്‍ത്തിക്കേണ്ടതെന്ന് ഇതിനപ്പുറം മറ്റൊരു ഉദാഹരണം എനിക്ക് മുന്നോട്ട് വയ്ക്കാനില്ല. തെറ്റുകള്‍ തിരുത്തുമെന്ന് നമ്മള്‍ക്ക് പ്രത്യാശിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?