കേരളം

മഴയില്‍ സ്തംഭിച്ച് കൊച്ചി, നഗരം വെള്ളത്തില്‍ മുങ്ങി; റോഡ് ഇടിഞ്ഞുതാണു ; കോട്ടയത്ത് മണ്ണിടിച്ചില്‍ ; ട്രെയിനുകള്‍ നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ ദുരിതം വിതച്ചത്. കനത്ത മഴയില്‍ പലയിടത്തും റെയില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു.

കോട്ടയം - ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി വച്ചു.കോവിഡ് മൂലം തീവണ്ടി സർവ്വീസുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന് തിരുവനന്തപുരം- എറണാകുളം വേണാട് സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരി വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. 

കോട്ടയം നഗരസഭയിലെ ചുങ്കം പഴയ സെമിനാരി മീനച്ചിൽ റിവർ റോഡ് കനത്ത മഴയെ തുടർന്ന് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിൻ്റെ തീരത്തിലൂടെയുള്ള റോഡിലൂടെ 11കെവി വൈദ്യുതി ലൈൻ അടക്കം കടന്നു പോകുന്നുണ്ട്. ഇതോടെ റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാർ ആശങ്കയിലാണ്. ചുങ്കത്ത് തന്നെ വൻമരം കടപുഴകി വീണത്തോടെ  ഗതാഗതവും തടസ്സപ്പെട്ടു.  വൈക്കത്തിനടുത്ത് ചെമ്പിൽ കനത്ത മഴയെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി.

കൊച്ചിയിലും കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. എം ജി റോഡ്, ചിറ്റൂർ റോഡ്, പി ആൻഡ് ഡി കോളനി, കമ്മാട്ടിപ്പാടം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, ന​ഗരത്തിന് പുറത്ത് പള്ളുരുത്തി, തോപ്പുംപടി, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. 

കൊച്ചി ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങള്‍ മണ്ണിനടിയിലായി. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. വഴിവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളാണ് പതിനഞ്ചടി താഴ്ചയിലേക്ക് മറിഞ്ഞത്. വട്ടേക്കുന്ന കല്ലറയ്ക്കല്‍ വര്‍ഗീസിന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിടിഞ്ഞുവീണത്. ഇവിടെയുള്ള കിണറും മൂടിപ്പോയി. മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല.

കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, തമിനാട്, കർണാടക  സംസ്ഥാങ്ങളിൽ അടുത്ത 3-4 ദിവസങ്ങളിൽ വ്യാപകമായി  മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം