കേരളം

ആരാധാനലയങ്ങള്‍ തുറക്കല്‍; കേന്ദ്ര നിര്‍ദേശം കാക്കുന്നു; ആള്‍ക്കൂട്ടം ഒഴിവാക്കും;  പ്രായമായവര്‍ വരുന്നത് അപകടകരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതിന്റെ ഭാഗമായി വിവിധ മതമേധാവികളുമായും സംഘടന നേതാക്കളുമായും സ്ഥാപന മേധാവികളുമായും വിഡിയോ കോണ്‍ഫറന്‍സ് നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരാധനാലയങ്ങളിലെ പ്രവേശനം സാധാരണ നിലയില്‍ പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുമെന്നും ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ എന്നിങ്ങനെ വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്നു മതനേതാക്കള്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ വരുന്നവരില്‍ സാധാരണ നിലയില്‍ മുതിര്‍ന്ന പൗരന്‍മാരും മറ്റു രോഗങ്ങളുള്ളവരും കാണും. റിവേഴ്‌സ് ക്വാറന്റീനില്‍ കഴിേയണ്ട ഇവര്‍ ആരാധനാലയങ്ങളില്‍ വരുന്നത് അപകടമാണ്. കോവിഡ് ഇവര്‍ക്ക് പെട്ടന്ന് പിടികൂടും. പിടിപെട്ടാല്‍ സുഖപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. പ്രായമായവരിലും മറ്റ് രോഗമുള്ളവരിലും മരണനിരക്കും കൂടുതലാണ്. അതിനാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോട് മതനേതാക്കന്‍മാര്‍ യോജിപ്പ് പ്രകടിപ്പിച്ചു. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനമുണ്ടാകുന്നത് തടയാന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ മതനേതാക്കന്‍മാര്‍ മുന്നോട്ട് വച്ചു.

ഈ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. കേന്ദ്ര നിര്‍ദേശം വന്നതിനു േശഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ല എന്ന ചോദിക്കുന്ന പ്രസ്താവന ഉയരുന്നു. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രസ്താവന ആണ് അതെന്നു കരുതുന്നില്ല. ആരാധാനാലയങ്ങള്‍ രാജ്യവ്യാപകമായി അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനിച്ചത്.

വിദ്യാലയങ്ങളും പരിശീലനകേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക പരിപാടികള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തി. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാം എന്നു കേന്ദ്രം പറഞ്ഞതിനാലാണ് ഇന്ന് മതനേതാക്കന്‍മാരുമായി ചര്‍ച്ച നടത്തിയത്. ആരാധനാലയങ്ങള്‍ അടഞ്ഞു കിടക്കുന്നത് വിശ്വാസികള്‍ക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്.

സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയ്ക്കുവേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് മതനേതാക്കന്‍മാര്‍ പൂര്‍ണമായി യോജിച്ചു. ഒത്തൊരുമയോടെ നിയന്ത്രണങ്ങള്‍ സ്വീകരിച്ച് ലോക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിച്ചു. അതിന് സര്‍ക്കാര്‍ നന്ദി പറയുന്നു. ആരാധനാലയങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടി വന്നപ്പോള്‍ മതനേതാക്കന്‍മാരുമായി ആശയവിനിമയം നടത്തി. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു