കേരളം

ഐഎൻഎസ് വിക്രാന്തിലെ മോഷണം : രണ്ട് പെയിന്റിം​ഗ് തൊഴിലാളികൾ പിടിയിൽ ; രണ്ട് ഹാർഡ് ഡിസ്കുകൾ കണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിൽ വിമാനവാഹിനി കപ്പലിലുണ്ടായ മോഷണത്തിൽ രണ്ടുപേർ പിടിയിലായി. രാജസ്ഥാൻ, ബീഹാർ സ്വദേശികളായ രണ്ട് പേരെയാണ് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയത്.  കപ്പലിലെ പെയിൻ്റിംഗ് തൊഴിലാളികളായ ഇവർ തൊഴിൽ നഷ്ടമായി മടങ്ങുമ്പോൾ ഹാർഡ് ഡിസ്ക് കൂടി എടുത്ത് സ്ഥലം വിടുകയായിരുന്നു എന്നാണ് എൻഐഎയോട് പറഞ്ഞത്. ഇവരിൽ നിന്നും രണ്ട് ഹാർഡ് ഡിസ്കുകൾ ഇതിനോടകം വീണ്ടെടുത്തിട്ടുണ്ട്. പ്രതികളുമായി എൻഐഎ  തെളിവെടുപ്പ് നടത്തി വരികയാണ്.

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൽ നിന്നും ഒരു വർഷം മുൻപാണ് ഹാർഡ് ഡിസ്കുകൾ മോഷണം പോയത്. കപ്പലിൽ ഉപയോഗിക്കുന്ന ഒരു കംപ്യൂട്ടറിലെ ഹാർ‍ഡ് ഡിസ്കുകൾ, ഫാൻ അടക്കമുള്ളവയാണ് നഷ്ടമായത്.  നിർമ്മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ നിന്നും വിവരശേഖരണത്തിന് ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക് നഷ്ടമായത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ആദ്യം ലോക്കൽ പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലിക്ക് വരുന്ന എല്ലാവരുടേയും വിരലടയാളം ഇവിടെ ശേഖരിച്ചു വയ്ക്കാറുണ്ട്. ഇങ്ങനെ 5000-ത്തോളം ആളുകളുടെ വിരലടയാളം ശേഖരിച്ചു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഇപ്പോൾ പിടിയിലായ രണ്ട് ഉത്തരേന്ത്യൻ തൊഴിലാളികളിലേക്ക് എൻഐഎ എത്തിയത്.

വിമാനവാഹിനി കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്നായിരുന്നു കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച കേരള പൊലീസിൻ്റെ നിഗമനം. പ്രാഥമിക പരിശോധനയിൽ കപ്പലുമായി ബന്ധപ്പെട്ടതോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർഡ് ‍ഡിസ്കിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലിലാണ് കഴിഞ്ഞ വർഷം കവർച്ച നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത