കേരളം

നിപ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണിയാകാന്‍ ശ്രമം : ആരോഗ്യമന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ രാജകുമാരി, കോവിഡ് റാണി എന്നിങ്ങനെയാണ് മുല്ലപ്പള്ളി പരിഹസിച്ചത്. നിപ രാജകുമാരി എന്നു പേരെടുത്തശേഷം ആരോഗ്യമന്ത്രി ഇപ്പോള്‍ കോവിഡ് റാണി എന്ന പദവിക്കായി ശ്രമിക്കുകയാണെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്. നിപ പടര്‍ന്നുപിടിച്ച സമയത്ത് ഗസ്റ്റ് ആര്‍ട്ടിസ്റ്റായി അവിടെ തമ്പടിച്ച ആരോഗ്യമന്ത്രി പേരെടുക്കാനാണ് ശ്രമിച്ചത്. നിപ പ്രതിരോധിച്ചതിന്റെ യഥാര്‍ത്ഥ ക്രെഡിറ്റ് ആത്മാര്‍ത്ഥമായ സേവനം നടത്തിയ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പ്രവാസികളോടുള്ള കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. കേരളം ഇന്നു കാണുന്ന വികസനത്തിനും ഐശ്വര്യത്തിനും പിന്നില്‍ വിദേശനാടുകളില്‍ കഴിയുന്ന മലയാളി സഹോദരങ്ങളുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും ആകെത്തുകയുണ്ട്. ആ പ്രവാസികള്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ സഹായിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. എന്നാല്‍ അവരെ സഹായിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടതായി മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ മറ്റുസ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ ഒരു ട്രെയിന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടപെട്ടാണ് ട്രെയിന്‍ ഏര്‍പ്പാടാക്കിയത്. കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ 19 ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ പ്രവാസികളെ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കോവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാനസര്‍ക്കാര്‍ അതു തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി കള്ളം പറയുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. കോവിഡ് രോഗം പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് പറഞ്ഞ എല്ലാ പ്രോട്ടോക്കോളും നമ്മള്‍ അനുസരിച്ചു. കോവിഡിന്റെ മറവില്‍ സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുകയാണ്. വന്‍ അഴിമതിയാണ് നടക്കുന്നത്. പ്രവാസികളെ വഞ്ചിച്ചതിനെതിരെ സമരത്തിന് സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടാന്‍ സര്‍ക്കാര്‍ ഇന്നലെ അനുവദിച്ചില്ല. അമേരിക്കയില്‍ വൈറ്റ്ഹൗസിന് മുന്നില്‍പ്പോലും കുടുല്‍കെട്ടി സമരം താന്‍ കണ്ടിട്ടുണ്ട്. സമരം പാടില്ലെന്ന് പറയാന്‍ ഇത് ചൈനയല്ലെന്ന് പിണറായി ഓര്‍ക്കണം. ഇത് ജനാധിപത്യരാജ്യമാണ്, സമരം നടത്താന്‍ പിണറായി വിജയന്റെ ഔദാര്യം വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു